കാട്ടുപന്നികൾ പെറ്റുപെരുകുന്നു: തീറ്റതേടി വീടുകൾക്കരികിലേക്ക്
1337090
Thursday, September 21, 2023 12:52 AM IST
ഷൊർണൂർ: കാട്ടുപന്നികൾ സ്വൈരവിഹാരം തുടരുന്നു. പന്നികൾ തീറ്റതേടി വീടുകൾക്കരികിലേക്കും.
ജനവാസ മേഖലകളിൽ പോലും ഭയാശങ്കകളില്ലാതെ തീറ്റി തേടിയെത്തുകയാണ് കാട്ടുപന്നികൾ.
കൂട്ടത്തോടെയല്ലാ ഇവയുടെ വരവെന്നതു മാത്രമാണ് ഏക ആശ്വാസം. എന്നാൽ അപകടകാരികളായ ഇവ കുട്ടികളേയും മറ്റും അപായപ്പെടുത്തുമോയെന്ന ആശങ്കയിലാണ് ഭൂരിഭാഗം ആളുകളും. ഇത്രയും കാലം കർഷകർ മാത്രമായിരുന്നു പന്നികളെക്കൊണ്ട് ബുദ്ധിമുട്ടിയിരുന്നത്.
എന്നാലിപ്പോൾ വീടുകളിൽ താമസിക്കുന്നവരും റബർടാപ്പിംഗ് തൊഴിലാളികളും ഓട്ടോറിക്ഷക്കാരും ഇരുചക്രവാഹന യാത്രികരുമെല്ലാം കാട്ടുപന്നികളുടെ ഉപദ്രവം നേരിടുന്ന സ്ഥിതിയാണ്. കാട്ടുപന്നികളെ ഭയന്ന് ജീവൻ പണയപ്പെടുത്തി ജോലിക്കിറങ്ങുന്ന വിഭാഗമാണ് റബർ ടാപ്പിംഗ് തൊഴിലാളികൾ.
നെൽകർഷകർക്കും കിഴങ്ങുവർഗങ്ങൾ കൃഷിചെയ്യുന്നവർക്കും കൃഷിനശിപ്പിക്കലാണ് പ്രശ്നമെങ്കിൽ ടാപ്പിംഗ് തൊഴിലാളികൾക്ക് ജീവനുതന്നെ ഭീഷണിയാണ് പന്നികൾ. എപ്പോഴാണ് ഇവ പാഞ്ഞടുത്ത് അപകടമുണ്ടാക്കുകയെന്ന് പറയാനാവില്ല.
പുലർച്ചെ ടാപ്പിംഗിനിറങ്ങുമ്പോൾ തോട്ടങ്ങളിൽ കാട്ടുപന്നികൾ കൂട്ടത്തോടെയെത്തുന്നതാണ് തൊഴിലാളികളെ ഭീതിയിലാക്കുന്നത്.
ഇതിനുപുറമേ കുറുക്കൻമാരുടെ ശല്യവും റബർത്തോട്ടങ്ങളിലുണ്ട്.
ഒറ്റപ്പാലം, കുളപ്പുള്ളി, പനമണ്ണ, പനയൂർ, കയിലിയാട്, മുണ്ടക്കോട്ടുകുറിശ്ശി, ചളവറ തുടങ്ങിയ ഭാഗങ്ങളിലെ റബ്ബർത്തോട്ടങ്ങളിലാണ് കാട്ടുപന്നികളെക്കൊണ്ട് വലിയ ശല്യമുള്ളത്.
കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നുണ്ടങ്കിലും ശല്യം കുറയുന്നില്ല. വർദ്ധിത വിര്യത്തോടെ ഇവ സ്വൈരവിഹാരം തുടരുമ്പോൾ പാവം ടാപ്പിംഗ് തൊഴിലാളികൾ കനത്ത ആശങ്കയിലാണ്.
രാത്രികാലങ്ങളിൽ വലിയ വാഹനങ്ങൾക്കും ഇപ്പോൾ കാട്ടുപന്നികൾ ശല്യമായി തുടങ്ങിയിട്ടുണ്ട്.
കൂട്ടത്തോടെ റോഡിലേക്ക് ഇറങ്ങുന്ന പന്നികൾക്ക് വാഹനങ്ങളുടെ വരവൊന്നും ബാധകമല്ല. വലിയ വാഹനങ്ങൾ നിർത്തിയിട്ടാണ് പലപ്പോഴം ഇവയ്ക്ക് കടന്നു പോകാൻ ഡ്രൈവർമാർ അവസരം ഒരുക്കുന്നത്.