കേരളത്തിനുള്ളത് എല്ലാവർക്കും വിദ്യാഭ്യാസം നൽകാനുള്ള പ്രതിബദ്ധത: മന്ത്രി
1336830
Wednesday, September 20, 2023 12:55 AM IST
പാലക്കാട്: എല്ലാവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുവാനുള്ള പ്രതിബദ്ധതയാണ് സ്കൂൾ വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ വിജയത്തിനുള്ള കാരണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പുതിയങ്കം ഗവ. യുപി സ്കൂളിൽ കിഫ്ബി ഒരു കോടി രൂപ ഉപയോഗിച്ച് പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും ശതാബ്ദി ആഘോഷവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ സാർവത്രിക സാക്ഷരതക്ക് സംസ്ഥാനം നൽകിയ ഉൗർജം ശക്തമായ വിദ്യാഭ്യാസ അടിത്തറക്ക് കളമൊരുക്കിയെന്നും പഠനവും വിജ്ഞാന സന്പാദനവും മൗലിക അവകാശങ്ങളായി കണക്കാക്കുന്ന ഒരു സംസ്കാരത്തിന് അത് അടിത്തറ പാകിയെന്നും മന്ത്രി പറഞ്ഞു. ഒരോ കുട്ടിക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാണെന്ന് ഉറപ്പുവരുത്താൻ അടിസ്ഥാന സൗകര്യങ്ങൾ, അധ്യാപക പരിശീലനം, വിദ്യാഭ്യാസ വിഭവങ്ങൾ എന്നിവയിലെല്ലാം വൻതോതിൽ നിക്ഷേപം നടത്തി.
സ്കോളർഷിപ്പുകൾ, സംവരണം, മറ്റ് സാമൂഹിക ഉന്നമനം എന്നിവ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ വിദ്യാഭ്യാസ അസമത്വങ്ങളെ മറികടക്കാൻ സഹായിച്ചെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് ഡിജിറ്റൽ വിഭവങ്ങളും കണക്ടിവിറ്റിയും നൽകികൊണ്ട് സംസ്ഥാനം ക്ലാസ് റൂമിൽ സാങ്കേതിക വിദ്യ സ്വീകരിച്ചെന്നും ഇത് ഡിജിറ്റൽ യുഗത്തിന്റെയും ആഗോളവത്കരണത്തിന്റെയും വെല്ലുവിളികളെ നേരിടാൻ കുട്ടികളെ സജ്ജരാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ.ഡി. പ്രസേനൻ എംഎൽഎ അധ്യക്ഷനായ പരിപാടിയിൽ ജനപ്രതിനിധികളും സ്കൂൾ അധികൃതരും ഉദ്യോഗസ്ഥരും പങ്കെടുത്തു.