പാലക്കാട്: സർക്കാരിനു താക്കീതായി കർഷക സംരക്ഷണ സമിതിയുടെ കളക്ടറേറ്റ് മാർച്ചും ധർണയും.
നെല്ലുസംഭരണത്തിനും സംഭരണവില നൽകുന്നതിനും കുറ്റമറ്റ സ്ഥിരം സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
പാലക്കാട് കളക്ടറേറ്റിന് മുന്നിലേക്ക് കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളുമായി കർഷകർ നടത്തിയ മാർച്ചും ധർണയും നഗര ഗതാഗത്തെ ഭാഗികമായി സ്തംഭിപ്പിച്ചു. സ്റ്റേഡിയം പരിസരത്തുനിന്നും ആരംഭിച്ച മാർച്ച് കർഷകസമിതി കോ- ഓർഡിനേറ്റർ സഹദേവൻ ഉദ്ഘാടനം ചെയ്തു.
പറവാദ്യങ്ങളും കാളവണ്ടികളും ഓലക്കുടകളുമേന്തിയായിരുന്നു കർഷക പ്രതിഷേധം. കളക്ടറേറ്റിന് മുമ്പിലെ ധർണ പത്മശ്രീ അവാർഡ് ജേതാവ് വയനാട് ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സർക്കാരും കേരള സർക്കാരും പരസ്പരം പഴിപറഞ്ഞ് കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ആത്മഹത്യയുടെ വക്കിലാണ് ഓരോ കർഷകരുമെന്ന് ചെറുവയൽ രാമൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
കർഷകസമിതി കോ- ഓർഡിനേറ്റർ സി. പ്രഭാകരൻ ചേകോൽക്കളം, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി. ശിവരാജൻ, മുതലമട പഞ്ചായത്ത് പ്രസിഡന്റ് കൽപനാദേവി, ശിവാനന്ദൻ, ആർ.മനോഹരൻ, എം.അനിൽബാബു, സുരേഷ് കുമാർ ഓനൂർപള്ളം, ആർ. രാമനാഥൻ, ചിദംബരൻകുട്ടി മാസ്റ്റർ, കർഷകമോർച്ച ജില്ലാപ്രസിഡന്റ് കെ.വേണു, മുതലാംതോട് മണി, പാണ്ടിയോട് പ്രഭാകരൻ, വേണുഗോപാൽ കണ്ണാടി, സി. കേരളദാസൻ, അച്ചുതൻ, രാമദാസ് പല്ലശ്ശന, സതീഷ് കുത്തനൂർ, എസ്.സ്വാമിനാഥൻ എന്നിവർ പ്രസംഗിച്ചു.