വീതി കൂട്ടൽ നടപടികൾ പ്രഖ്യാപനത്തിൽ ഒതുങ്ങി
1336599
Tuesday, September 19, 2023 12:49 AM IST
ഷൊർണൂർ:വാണിയംകുളത്ത് പാത വീതികൂട്ടൽ നടപടികൾ പ്രഖ്യാപനത്തിലൊതുങ്ങി. പാലക്കാട്-കുളപ്പുള്ളി പാതയിൽ ഒറ്റപ്പാലംനഗരം കഴിഞ്ഞാൽ വീതികുറഞ്ഞ റോഡായതുമൂലം സ്ഥിരമായി ഗതാഗതക്കുരുക്കുണ്ടാകുന്ന സ്ഥലമാണ് വാണിയംകുളം.
ഇത് പരിഹരിച്ച് നഗരം നവീകരിക്കാൻ വാണിയംകുളം പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയെങ്കിലും ഒന്നും നടന്നില്ല. പദ്ധതി നടപ്പാക്കണമെങ്കിൽ വാണിയംകുളം അങ്ങാടിയിലെ കൈയേറ്റമൊഴിപ്പിക്കൽ നടപടി പൂർത്തിയാകണം.
സ്ഥലപരിശോധന ഉൾപ്പടെ കൈയേറ്റമൊഴിപ്പിക്കാനുള്ള നടപടികൾ മുമ്പ് സബ് കളക്ടർ ആയിരുന്ന അർജുൻപാണ്ഡ്യന്റെ നേതൃത്വത്തിൽ തുടങ്ങിയെങ്കിലും ഇപ്പോഴും പൂർത്തിയായിട്ടില്ല.
വാണിയംകുളം പഞ്ചായത്തോഫീസ് പ്രദേശംമുതൽ അജപാമഠംവരെയുള്ള സ്ഥലം നവീകരിക്കാനാണ് നിലവിൽ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ഇതിനുപുറമേ പഞ്ചായത്തിന്റെ 20വർഷം മുന്നിൽക്കണ്ടുള്ള വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കാനാണ് നഗരാസൂത്രണവിഭാഗത്തെ അധികൃതർ സമീപിച്ചത്. പ്ലാൻ നടപ്പാക്കാൻ പ്രത്യേക ഫണ്ട് ലഭിക്കുന്നതിനാൽ അത് ഉപയോഗപ്പെടുത്തി നഗരം നവീകരിക്കാമെന്നാണ് പഞ്ചായത്തിന്റെ പദ്ധതി.
ഏപ്രിലിൽ കോതകുറിശ്ശി റോഡ് മുതൽ പഞ്ചായത്തോഫീസ് ഭാഗംവരെയുള്ള സ്ഥലത്തെ കൈയേറ്റം കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാൻ അന്നത്തെ സബ് കളക്ടർ സർവേയർമാർക്ക് നിർദേശം നല്‍കിയിരുന്നെങ്കിലും തുടർനടപടിയുണ്ടായില്ല.
കൈയേറ്റ നടപടികൾ കണ്ടത്തി തുടർ നടപടികൾ വേഗം പൂർത്തിയാക്കണമെന്ന് വാണിയംകുളം ഗ്രാമപഞ്ചായത്ത് ഭരണസമിതി അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
നിലവിൽ തൂത-മുണ്ടൂർ പാതയുടെ കൈയേറ്റമൊഴിപ്പിക്കൽ നടപടിയിലാണെന്നും ഇതിനുശേഷം മറ്റ് കൈയേറ്റനടപടികൾ പുനരാരംഭിക്കുമെന്നുമാണ് അധികൃതർ പറയുന്നത്.