കാഞ്ഞിരപ്പുഴ-ചിറക്കൽപ്പടി റോഡ് അറ്റകുറ്റപ്പണി 12 ന് ആരംഭിക്കും
1301550
Saturday, June 10, 2023 12:44 AM IST
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ-ചിറക്കൽപ്പടി റോഡ് അടിയന്തിര അറ്റകുറ്റപ്പണി തിങ്കളാഴ്ച ആരംഭിക്കുന്നതിനും കിഫ്ബി റോഡ് പണി ഉടൻ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനും സർവകക്ഷിയോഗം തീരുമാനിച്ചു. ഇന്നലെ കാഞ്ഞിരപ്പുഴ പഞ്ചായത്ത് ഹാളിൽ കെ. ശാന്തകുമാരി എംഎൽഎയാണ് വിവിധ രാഷ്ട്രീയ, സംഘടന, ജനകീയമുന്നണി, വ്യാപാരികൾ, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരുടെ അടിയന്തിരയോഗം വിളിച്ചത്.
സാങ്കേതിക കാരണങ്ങളാൽ റോഡ് നവീകരണം അഞ്ചു വർഷത്തോളമായി പൂർത്തിയാക്കാൻ സാധിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് സർവകക്ഷിയോഗം വിളിച്ചത്. അടിയന്തരമായി റോഡിൽ അറ്റകുറ്റ പണി നടത്തുന്നതിനു വേണ്ടി എംഎൽഎയുടെ ഇടപെടലിന്റെ ഭാഗമായി 67 ലക്ഷം രൂപ അനുവദിച്ചിരുന്നു. നിർമാണ പ്രവർത്തനം ആരംഭിക്കാനിരിക്കെ പ്രതിഷേധമുയർന്നു. ഇതു പരിഹരിക്കുന്നതിന് വേണ്ടി എംഎൽഎ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിലാണ് അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനു തീരുമാനമായത്. കാഞ്ഞിരം ടൗണിൽ റോഡ് ഉയർത്തി പൂർണമായും വെള്ളക്കെട്ട് ഒഴിവാക്കിയായിരിക്കും നിർമാണ പ്രവർത്തനം നടത്തുക. പ്രധാനമായും 600 മീറ്റർ ദൈർഘ്യത്തിൽ റോഡ്, കുഴികൾ അടച്ച് വെള്ളം നില്ക്കാത്ത നിലയിൽ റോഡ് ഉയർത്തി, രണ്ടു ലെയർ ടാറിംഗ് നടത്താനും പഴയ വെള്ളച്ചാലുകൾ മണ്ണെടുത്ത് വൃത്തിയാക്കുന്നതിനുമാണ് തീരുമാനിച്ചത്. റോഡ് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും ഉയർത്തുന്നതിനും അധികൃതർ ജാഗ്രതാപൂർവം പ്രവർത്തിക്കാത്ത പക്ഷം ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വ്യാപാരികളും ജനകീയ സമിതി പ്രവർത്തകരും പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജൻ, വൈസ് പ്രസിഡൻറ് സിദ്ദിഖ് ചെപ്പോടൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചെറുട്ടി മുഹമ്മദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. പ്രദീപ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ വി. ജോയ്, സി.ടി. അലി, കെ. ലിലീപ്കുമാർ, പി. മണികണ്ഠൻ, വ്യാപാരി പ്രതിനിധി ജോർജ്, ജി. നിർമൽ ഉദ്യോഗസ്ഥർ പങ്കെടുത്തു.