ഭക്ഷ്യ എണ്ണകളുടെ ചില്ലറ വില്പന: നടപടിക്കൊരുങ്ങി ഭക്ഷ്യസുരക്ഷാ വകുപ്പ്
1301543
Saturday, June 10, 2023 12:42 AM IST
ഷൊർണൂർ : ഭക്ഷ്യ എണ്ണകളുടെ ചില്ലറ വില്പന സ്ഥാപനങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി ഭക്ഷ്യ സുരക്ഷാ വകുപ്പ്. പാലക്കാട് ജില്ലയിൽ ഭൂരിഭാഗം പലചരക്കുകടകളിലും നിയമ വിരുദ്ധമായി ഭക്ഷ്യ എണ്ണകൾ ചില്ലറ വിൽപനയ്ക്കായി സൂക്ഷിക്കുന്നുണ്ട്. ഇതിനെതിരെ വ്യാപകമായി പരാതികൾ ഉയർന്നിരുന്നു.
പരാതികൾ വഴിയും അല്ലാതെയും ഇക്കാര്യങ്ങൾ ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് നടപടികൾക്ക് അധികൃതർ തീരുമാനിച്ചത്. ഇത്തരം വില്പന കേന്ദ്രങ്ങളിൽ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യസുരക്ഷാ അധികൃതർ അറിയിച്ചു.
ലേബൽ വിവരങ്ങൾ ഇല്ലാത്തതിനാൽ ഭക്ഷ്യ എണ്ണയുടെ ഗുണവും പഴക്കവും ഉപഭോക്താക്കൾക്ക് നേരിട്ട് ഉറപ്പാക്കാൻ കഴിയില്ല എന്ന സാഹചര്യവും നിലനില്ക്കുന്നുണ്ട്. ചില്ലറ വില്പനക്കായി സൂക്ഷിക്കുന്ന എണ്ണകൾ ഫുഡ് ഗ്രേഡ് അല്ലാത്ത പാത്രങ്ങളിലാണ് സൂക്ഷിക്കുന്നത്. അത്തരം പാത്രങ്ങളിൽ നിന്നും എണ്ണയിലേക്ക് ചേരുന്ന രാസവസ്തുക്കൾ തുടർച്ചയായി ഉപയോഗിക്കുന്പോൾ ആരോഗ്യത്തിന് ഹാനികരമാണ്.
പരിശോധനകളിൽ എണ്ണ ചില്ലറ വില്പനയ്ക്കായി വച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം നടപടി സ്വീകരിക്കാനാണ് തീരുമാനം.
അതേ സമയം ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ സക്രിയമായ ഇടപെടൽ ജില്ലയിൽ വളരെ കുറവാണെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന പല ആഹാരപദാർത്ഥങ്ങളും ഇത്തരത്തിൽ വിപണികളിൽ വിൽക്കപ്പെടുന്നുണ്ടെന്നും പരാതിയുണ്ട്.