സ്കൂൾ വിദ്യാർഥികൾക്ക് പിടിഎയുടെ അനുമോദനം
1300951
Thursday, June 8, 2023 12:29 AM IST
അലനല്ലൂർ: എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം എന്ന ചരിത്ര നേട്ടം കൈവരിച്ച അലനല്ലൂർ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് പിടിഎയുടെ അനുമോദനം. ഉന്നത വിജയം നേടിയവരെയും പിടിഎ കമ്മിറ്റി ആദരിച്ചു.
എസ്എസ്എൽസി പരീക്ഷ തയ്യാറെടുപ്പിന് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന വിജയശ്രീ പദ്ധതിയുടെ സ്കൂൾ കോ-ഓഡിനേറ്റർ ബിജു ജോസിന് ചടങ്ങിൽ അനുമോദനം നല്കി.
നൂറ്റിപതിനേഴു വർഷത്തെ ചരിത്ര പാരന്പര്യമുള്ള വിദ്യാലയത്തിൽ ഇത് ആദ്യമായാണ് എസ്എസ്എൽസി പരീക്ഷയിൽ നൂറു ശതമാനം വിജയം ലഭിക്കുന്നത്. ഇരുന്നൂറ്റി ഏഴുപത്തി മൂന്ന് വിദ്യാർഥികൾ ആയിരുന്നു പരീക്ഷ എഴുതിയത്. 38 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് ലഭിച്ചു.
ഹയർസെക്കൻഡറി വിഭാഗത്തിൽ 12 വിദ്യാർഥികൾക്കും മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് ഗ്രേഡ് ലഭിച്ചു. വൊക്കേഷൻ ഹയർ സെക്കൻഡറി വിഭാഗത്തിൽ നാലു വിദ്യാർഥികൾക്ക് അഞ്ചു വിഷയങ്ങളിൽ എ പ്ലസ് ഗ്രേഡ് ലഭിച്ചു.
അനുമോദന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത മുള്ളത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെന്പർ മെഹർബാൻ ടീച്ചർ അധ്യക്ഷയായിരുന്നു. മുഖ്യാതിഥിയായിരുന്ന ജില്ലാ കളക്ടർ ഡോ. എസ്. ചിത്ര ഉപഹാര സമർപ്പണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് മെംബർ ബഷീർ തെക്കൻ, ബ്ലോക്ക് പഞ്ചായത്ത് മെംബറും പിടിഎ പ്രസിഡന്റുമായ വി. മുഹമ്മദ് സലീം, വൈസ് പ്രസിഡന്റ് പി. നാസർ, പ്രിൻസിപ്പാൾ യു.കെ. ലത, വെക്കേഷണൽ ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ പി.കെ.ഉഷ, ഹെഡ്മാസ്റ്റർ ദാമോദരൻ പള്ളത്ത്, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ പി രാധാകൃഷ്ണൻ, സ്റ്റാഫ് സെക്രട്ടറിമാരായ എ എം യൂസഫ്, കെ അബ്ദുമനാഫ്, വിജയശ്രീ കോഡിനേറ്റർ ബിജു ജോസ്, സീനിയർ അസിസ്റ്റന്റ് സി. സലീന, എസ്ആർജി കണ്വീനർ പി. സജിത, പിടിഎ അംഗങ്ങളായ സുരേഷ് ബാബു, റിയാസ് കൊങ്ങത്ത് എന്നിവർ പ്രസംഗിച്ചു.