ലക്ഷങ്ങൾ വെള്ളത്തിലാക്കുന്ന അറ്റകുറ്റപ്പണി വേണ്ടെന്ന് ജനകീയ കൂട്ടായ്മ
1300703
Wednesday, June 7, 2023 12:35 AM IST
മണ്ണാർക്കാട്: നവീകരണം തുടങ്ങി നാലുവർഷം കഴിഞ്ഞിട്ടും എങ്ങും എത്താത്ത ചിറക്കൽപ്പടി-കാഞ്ഞിരപ്പുഴ റോഡിൽ വീണ്ടും ലക്ഷങ്ങൾ ചിലവഴിച്ച് അറ്റകുറ്റപ്പണി നടത്തുന്നത് അംഗീകരിക്കാൻ ആവില്ലെന്ന് സേവ് കാഞ്ഞിരപ്പുഴ ജനകീയ കൂട്ടായ്മ പത്രസമ്മേളനത്തിൽ പറഞ്ഞു. ഈ മാസം 12ന് 18 കോടിയുടെ ടെൻഡർ നടപടികൾ നടക്കാനിരിക്കെ ഇതിനിടെ തിരക്കിട്ട് 67 ലക്ഷം രൂപ ചെലവഴിച്ച് റോഡ് അറ്റകുറ്റപ്പണി നടത്താനാണ് എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും കരാറുകാരും തിടുക്കം കൂട്ടുന്നത്.
കഴിഞ്ഞതവണ ഇതേ സമയത്ത് മഴക്കാലം വരുന്നതിന് തൊട്ടുമുന്പ് 25 ലക്ഷം രൂപയുടെ പണി നടത്തി ഒരാഴ്ച പോലും നിൽക്കാതെ റോഡ് പഴയതുപോലെയായി. ഇതേ രീതിയിൽ ഇത്തവണയും 67 ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തുന്നത് ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. റോഡിന്റെ നവീകരണം പൂർത്തിയാക്കാനാണ് എംഎൽഎയും ഉദ്യോഗസ്ഥരും കരാറുകാരും ശ്രമിക്കേണ്ടത്. അല്ലാതെ ജനങ്ങളെ വിഡ്ഢികളാക്കി താത്കാലിക അറ്റകുറ്റപ്പണികൾ നടത്തി പണം തട്ടാനല്ല . ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ടാവുമെന്നും ഭാരവാഹികൾ പറഞ്ഞു.
എം. നിർമൽ, ദീപു അഗസ്റ്റിൻ, ബിനോയ് മണിമല, ജോബി കോടിക്കൽ, മുസ്തഫ കാഞ്ഞിരപ്പുഴ, സജിൻ മണിമല എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.