"ഓപ്പറേഷൻ കാവൽ' സ്തംഭിച്ചു!
1300313
Monday, June 5, 2023 1:00 AM IST
ഒറ്റപ്പാലം : ഓപ്പറേഷൻ കാവൽ ജില്ലയിൽ സ്തംഭിച്ചു. മയക്കുമരുന്ന് കടത്ത്, മണ്ണ് മണൽക്കടത്ത്, കള്ളക്കടത്ത്, സംഘം ചേർന്നുള്ള ആക്രമണങ്ങൾ എന്നിവ തടയുന്നതിനായി ആരംഭിച്ച ഓപ്പറേഷൻ കാവൽ എന്ന പോലീസ് പദ്ധതിയാണ് ജില്ലയിൽ മരവിച്ച സ്ഥിതിയിലായത്.
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ കണ്ടെത്തി നിയമനടപടികൾക്ക് വിധേയരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെങ്കിലും ഇത് കാര്യക്ഷമമായി നടപ്പാക്കാൻ പോലീസിന് കഴിയുന്നില്ലന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്.
കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടശേഷം ഒളിവിൽ പോയി കഴിയുന്നവരെ കണ്ടെത്താനായി സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലാ പോലീസ് മേധാവി പ്രത്യേക സംഘത്തിന് രൂപം നല്കിയിരുന്നു.
സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തി പട്ടിക തയ്യാറാക്കി നിരീക്ഷിക്കുന്നതിനും തീരുമാനം ഉണ്ടായിരുന്നു.
എന്നാൽ ഇത്തരക്കാരെ പിടികൂടുന്നതിൽ വലിയ വീഴ്ചയാണ് പോലീസിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഇത്തരത്തിൽ പിടിയിലാകുന്നവർ ജാമ്യത്തിലിറങ്ങി വ്യവസ്ഥകൾ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുവാൻ വരെ തീരുമാനമുണ്ടായിരുന്നു. മേൽപ്പറഞ്ഞ കാര്യങ്ങൾക്കായി സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് രഹസ്യാന്വേഷണം നടത്തുമെന്നായിരുന്നു അറിയിപ്പ് .
ക്രിമിനൽ കേസിലെ പ്രതികളുടെയും കുറ്റവാളികളെന്ന് സംശയിക്കുന്നവരുടെയും നീക്കങ്ങൾ മനസ്സിലാക്കി അന്വേഷണം ഉൗർജ്ജിതമാക്കി ആവശ്യമെങ്കിൽ അവരുടെ സങ്കേതങ്ങളിൽ പരിശോധന നടത്താനും പോലീസിന് ഉത്തരവി ലഭിച്ചിരുന്നതാണ്. എന്നാൽ കഴിഞ്ഞ കുറച്ച് കാലമായി എവിടേയും ഇത്തരത്തിൽ പരിശോധനകൾ ഉണ്ടായിട്ടില്ലന്നുള്ളതാണ് വാസ്തവം. അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ വിവരശേഖരണം ജില്ലാ അടിസ്ഥാനത്തിൽ തയ്യാറാക്കുന്നതിനും പദ്ധതി വഴി ലക്ഷ്യം വെച്ചിരുന്നു.
ഇക്കാര്യങ്ങളിൽ എന്ത് പുരോഗതിയാണുള്ളതെന്നും വ്യക്തമല്ല.
ഇത്തരക്കാർക്കെതിരെ ആവശ്യമെങ്കിൽ കാപ്പ നിയമപ്രകാരം അറസ്റ്റ് നടപടികൾ അനുവർത്തിക്കാനാണ് പോലീസ് മേധാവി നിർദേശിച്ചിരുന്നത്.
സ്ഥിരം കുറ്റവാളികളുടെ മുഴുവൻ വിവരങ്ങളും ജില്ലാ പോലീസ് മേധാവിയാണ് തയ്യാറാക്കേണ്ടിയിരുന്നത്. വിവിധ അക്രമസംഭവങ്ങളിൽ ഉൾപ്പെട്ടവരെ ദിവസങ്ങൾക്കകം അറസ്റ്റ് ചെയ്യാനായിരുന്നു തീരുമാനമുണ്ടായിരുന്നത്.
കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടാനും പോലീസ് തീരുമാനിച്ചിരുന്നതാണ്.
കാവൽ പദ്ധതിയിൽ സ്വീകരിച്ച നടപടികൾ ജില്ലാ പോലീസ് മേധാവി മുഖേന സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിമാർ ദിവസവും രാവിലെ സംസ്ഥാന പോലീസ് മേധാവിക്ക് നൽകാനും നിർദ്ദേശം ഉണ്ടായിരുന്നു
എന്നാൽ ഒരു നടപടികളുമില്ലാതെ എന്ത് റിപ്പോർട്ടാണ് ഇവർ നൽകുന്നതെന്ന മറുചോദ്യം അന്നുതന്നെ ഉയർന്നുവന്നിരുന്നതാണ് കുറ്റകൃത്യങ്ങളിൽ പങ്കാളികളായവരുടെ വീടുകളിൽ ഉൾപ്പെടെ രാത്രിയിലാണ് പോലീസിന്റെ പരിശോധനയുണ്ടാകേണ്ടിയിരുന്നത്.
ഇത് കൊണ്ട് തന്നെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനുള്ള സാഹചര്യങ്ങളിൽ നിന്ന് ഇക്കൂട്ടരെ പിന്തിരിപ്പിക്കാൻ പോലീസ് സാന്നിദ്ധ്യം ഉപകരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.