തൃത്താല കേര മണ്ഡലമായി മാറും: മന്ത്രി എം.ബി. രാജേഷ്
1300310
Monday, June 5, 2023 1:00 AM IST
പാലക്കാട് : തൃത്താല കേരളത്തിലെ കേര മണ്ഡലമായി മാറുമെന്ന് മന്ത്രിയും സ്ഥലം എംഎൽഎയുമായ എം.ബി രാജേഷ്.
കാർഷിക സാധ്യത ഏറെയുള്ള മണ്ഡലമായതിനാൽ നെല്ല്, പച്ചക്കറി എന്നിവയ്ക്കൊപ്പം മത്സ്യകൃഷിയും പ്രോത്സാഹിപ്പിക്കുമെന്നും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി തിരുമിറ്റക്കോട് വടക്കേക്കര സെന്ററിൽ മണ്ഡലംതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ച പത്തിന കർമ്മ പരിപാടികളുടെ നിർവഹണത്തിന്റെ ഭാഗമായിട്ടാണ് തെങ്ങിൻ തൈ നടീൽ പദ്ധതി സംഘടിപ്പിച്ചത്.
തൊഴിലുറപ്പ് പദ്ധതിയുടെയും കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ഏകോപനത്തിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്.
മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായാണ് ഒരു ലക്ഷം തെങ്ങിൻതൈകൾ നടുന്നത്. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുഹറ അധ്യക്ഷയായി.കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശറഫുദ്ദീൻ കളത്തിൽ, ജില്ലാ പഞ്ചായത്ത് അംഗം അനു വിനോദ്, ജനപ്രതിനിധികൾ പങ്കെടുത്തു.