പരിസ്ഥിതി ദിനത്തിൽ വിദ്യാലയങ്ങളിലും ഹരിതസഭ
1300308
Monday, June 5, 2023 1:00 AM IST
പാലക്കാട്: പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളോടൊപ്പം വിദ്യാലയങ്ങളിലും ഹരിതസഭ ചേരും.
മാലിന്യ മുക്തം നവകേരളം കാന്പയിന്റെ ഭാഗമായാണ് പ്രവർത്തനം. ഹരിത സഭ ചേരുന്നതിനൊപ്പം അസംബ്ലിയിൽ അധ്യയന സമയം നഷ്ടപ്പെടുത്താതെ കുട്ടികൾക്ക് ബുദ്ധിമുട്ടില്ലാത്ത വിധം പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് വിഷയ വിദഗ്ധന്റെയോ അധ്യാപകന്റെയോ പ്രഭാഷണം ക്രമീകരിക്കണം.
ജില്ലാ കളക്ടർ ഡോ.എസ്. ചിത്രയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ നടന്ന യോഗത്തിലാണ് നിർദേശം.
ജൈവ, അജൈവ മാലിന്യങ്ങൾ വേർതിരിച്ച് അജൈവ മാലിന്യങ്ങൾ ഹരിത കർമ്മസേനക്ക് നല്കുന്ന രീതി എല്ലാ സ്കൂളുകളും സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ എ.ഷാബിറ നിർദേശിച്ചു. ജൈവമാലിന്യങ്ങൾ ഉചിതമായ രീതിയിൽ സംസ്കരിക്കണം. വിദ്യാർത്ഥികളിലൂടെ ഈ സന്ദേശം വീടുകളിൽ എത്തിച്ച് ഈ രീതി വീടുകളിലും പ്രാവർത്തികമാക്കണം. വിദ്യാലയവും പരിസരവും മുൻവശവും വൃത്തിയാക്കി ചെടികൾ വെച്ച് പിടിപ്പിച്ച് ആകർഷകമാക്കണമെന്നും നിർദ്ദേശം നല്കി.