കാലവർഷമെത്തിയില്ല, കർഷകർ ആശങ്കയിൽ
1299919
Sunday, June 4, 2023 7:07 AM IST
ഷൊർണൂർ : ഇടവപ്പാതി കഴിഞ്ഞിട്ടും കാലവർഷമെത്താത്തത് കർഷകരെ നിരാശരാക്കിയിരിക്കുകയാണ്. ഇതെ അവസ്ഥ തുടർന്നാൽ ഒന്നാം വിള നെൽകൃഷി വെള്ളമില്ലാതെ നശിക്കുമെന്ന കാര്യം ഉറപ്പാണ്. നെല്ലറയിലെ കർഷകർ ഏറെ പ്രതീക്ഷയോടെയാണ് ഒന്നാംവിള കൃഷി ആരംഭിച്ചത്. പൊടിവിത നേരത്തെ തന്നെ തുടങ്ങുകയും ചെയ്തിരുന്നു.
കാലവർഷം സജീവമാകുമെന്ന പ്രതീക്ഷയിൽ പലയിടത്തും ഞാറ്റടി തയാറാക്കുകയും ചെയ്തിരുന്നു.ചിലയിടങ്ങളിൽ കുഴൽക്കിണറിൽ നിന്നും മറ്റും പാടത്തേക്ക് വെള്ളം പന്പു ചെയ്തെടുത്തു പാടം പൂട്ടി നിരത്തി നടീലും തുടങ്ങി.
ഈ മാസം പകുതിയോടെ പരമാവധി നടീൽ പൂർത്തിയാക്കാനാണ് കാർഷിക കലണ്ടർ പ്രകാരമുള്ള ധാരണ. എന്നാൽ മാത്രമേ ഒക്ടോബറിൽ ഒന്നാംവിള കൊയ്ത്തു പൂർത്തിയാക്കി നവംബറിൽ രണ്ടാംവിള നടീൽ ആരംഭിക്കാനാകു. അടുത്ത ആഴ്ചയോടെയെങ്കിലും മഴ സജീവമായാൽ മാത്രമേ ഒന്നാംവിള നടീൽ ഉദ്ദേശിച്ച സമയത്തു പൂർത്തിയാക്കാനാകു. ഏറെ വൈകിയെങ്കിലും ഉടൻ മഴ ലഭിച്ചു തുടങ്ങുമെന്നാണു കാലാവസ്ഥാ പ്രവചനം. ഇതിലാണു കൃഷിക്കാരുടെ പ്രതീക്ഷ. ഒന്നാംവിളയിൽ പതിവുപോലെ ഭൂരിഭാഗം കൃഷിക്കാരും ഉമ നെൽവിത്താണ് ഇറക്കിയിട്ടുള്ളത്.
ജില്ലയിൽ ശരാശരി 36,000-40,000 ഹെക്ടർ സ്ഥലത്താണ് ഒന്നാംവിള നെൽക്കൃഷിയിറക്കാറുള്ളത്. ജൂണ്‍ നാലു മുതൽ കാലവർഷം സജീവമാകുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രം നല്‍കിയിട്ടുള്ള മുന്നറിയിപ്പ് ഇനിയും കാലവർഷം സജീവമാകാതിരുന്നാൽ കർഷകർക്ക് ഒന്നാം വിള നഷ്ട കണക്കാകുമെന്ന കാര്യം ആകുമെന്ന കാര്യം ഉറപ്പാണ്.