മണ്ണാർക്കാട്ട് ജില്ലാ ജയിൽ നിർമാണത്തിനു തുടക്കം
1299622
Saturday, June 3, 2023 12:22 AM IST
മണ്ണാർക്കാട്: മണ്ണാർക്കാട് മുണ്ടേക്കരാട്ട് ജില്ലാ ജയിൽ നിർമാണത്തിന്റെ ആദ്യഘട്ടം തുടങ്ങി. ചുറ്റുമതിൽ നിർമാണമാണ് ആരംഭിച്ചിരിക്കുന്നത്.
2022- 2023 സാന്പത്തിക വർഷത്തിൽ ചുറ്റുമതിൽ നിർമാണത്തിനായി 1.48 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. ഈ തുകക്കുള്ള പ്രവൃത്തികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.
ചുറ്റുമതിൽ നിർമാണം ഉടൻ പൂർത്തീകരിക്കുമെന്നും രണ്ടാംഘട്ടമായി കെട്ടിട നിർമാണം ആരംഭിക്കുമെന്നും ജയിൽ അധികൃതർ പറഞ്ഞു.
കാഞ്ഞിരപ്പുഴ ഇറിഗേഷന്റെ സ്ഥലത്താണ് സബ് ജയിൽ നിർമിക്കുന്നത്. ഈ സ്ഥലം 2007 ൽ കണ്ടെത്തിയിങ്കിലും 2014 ലാണ് സ്ഥലം നൽകാനുള്ള സമ്മതപത്രം ജയിലധികൃതർക്ക് ലഭിച്ചതെന്ന് അന്നത്തെ ജില്ലാ ജയിൽ സൂപ്രണ്ടായിരുന്ന എസ്. ശിവദാസൻ പറഞ്ഞിരുന്നു.
2019 ഫെബ്രുവരി നാലിനാണ് ജയിൽ അധികൃതർ ഈ സ്ഥലം വീണ്ടും സന്ദർശിച്ചത്. 2019 ഫെബ്രുവരി ആറിന് സർവ്വേ ആരംഭിക്കുകയും 19 ന് സർവേ നടപടികൾ പൂർത്തിയാവുകയും ചെയ്തു.
കാഞ്ഞിരപ്പുഴ ചെറിയ കനാൽ ഇതിലൂടെ പോകുന്നതുകാരണം ആ ഭാഗം വിട്ടുള്ള സ്ഥലമാണ് ജയിലിന് എൻഒസി നൽകിയിരിക്കുന്നത്.
മണ്ണാർക്കാട് -കോങ്ങാട് ടിപ്പുസുൽത്താൻ റോഡിന്റെ കിഴക്കുവശത്ത് മുണ്ടേക്കരാട് കൊന്നക്കാട് എന്ന സ്ഥലത്താണ് ഇറിഗേഷൻ വകുപ്പിന്റെ സ്ഥലം ജയിൽ വകുപ്പിന് നൽകി ഉത്തരവിറങ്ങിയത്.
ഇതോടെ ജയിലിന് തടസമായി നിന്നിരുന്ന പ്രധാന പ്രശ്നം ഒഴിവായി. 2.86 ഹെക്ടർ ഭൂമിയാണ് ആഭ്യന്തര വകുപ്പ് ജയിൽ നിർമാണത്തിനായി ശുപാർശ ചെയ്തിരുന്നത്.
ഇതിൽ 1.62 ഹെക്ടർ സ്ഥലമാണ് ആറൊന്നിന് 1,97,600 രൂപ നിരക്കിൽ 3,20,52,696 രൂപ വില നിശ്ചയിച്ച് ഭൂമി ജയിൽ വകുപ്പിന് കൈമാറിയിരിക്കുന്നത്.
ജയിലിലെ ജീവനക്കാരുടെ ക്വാർട്ടേഴ്സും ജയിൽ കെട്ടിടവും നിർമിക്കുന്നതിന് ഏഴ് ഏക്കറോളം സ്ഥലം വേണമെന്ന് 2019 ഫെബ്രുവരിയിൽ സ്ഥലം സന്ദർശിച്ച അന്നത്തെ പാലക്കാട് ജയിൽ സൂപ്രണ്ടായിരുന്ന എസ്. ശിവദാസനും നോഡൽ ഓഫീസറായിരുന്ന സി.പി.രാജേഷും പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോൾ ലഭിച്ച നാല് ഏക്കറിൽ സ്ഥലം പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഈ സ്ഥലത്താണ് ഇപ്പോൾ ജയിൽ നിർമാണം ആരംഭിച്ചിരിക്കുന്നത്.