ദേശീയപാതയോരത്ത് മാലിന്യം തള്ളാനെത്തിയ തമിഴ്നാടൻ വാഹനം പോലീസ് പിടിയിൽ
1299617
Saturday, June 3, 2023 12:22 AM IST
വടക്കഞ്ചേരി: മംഗലം പാലത്തിനു സമീപം മാങ്ങാ മാലിന്യവുമായി എത്തിയ തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനമാണ് വടക്കഞ്ചേരി പോലീസ് പിടികൂടിയത്.
ഇന്നലെ പുലർച്ചെയാണ് മാങ്ങ, ചക്ക, പച്ചക്കറികൾ എന്നിവയുടെ അവശിഷ്ടങ്ങൾ തള്ളുന്നതിനിടെ പെട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.
ഇതേ തുടർന്ന് എസ്ഐ ജീഷ്മോൻ വർഗീസിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സ്ഥലത്തെത്തി വാഹനവും ഡ്രൈവറെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിനെതിരെയുള്ള വകുപ്പ് പ്രകാരം നടപടിയെടുക്കുകയും വാഹന ഉടമക്കെതിരെ പിഴയും ചുമത്തി.
വാഹനത്തിലുണ്ടായിരുന്ന മാലിന്യം ജെസിബിയുടെ സഹായത്തോടെ മറ്റൊരു ഭാഗത്ത് നിക്ഷേപിച്ചു.
ഇതിന് ചെലവായ തുക വാഹന ഉടമയിൽ നിന്നും ഈടാക്കുമെന്ന് വടക്കഞ്ചേരി പഞ്ചായത്ത് സെക്രട്ടറി കെ. രാധിക അറിയിച്ചു. ക്ലീൻ സിറ്റി പദ്ധതിയിൽ ശക്തമായ നടപടികളാണ് ഇപ്പോൾ പഞ്ചായത്ത് കൈകൊണ്ടിരിക്കുന്നത്.
ടൗണിൽ വിവിധ പ്രദേശങ്ങളിൽ മാലിന്യം തള്ളിയ പത്തോളം പേർക്കെതിരെ കഴിഞ്ഞ ദിവസം നോട്ടീസ് നൽകുകയും പിഴയീടാക്കാനുള്ള നടപടികളും കൈകൊണ്ടിരുന്നു.
വരും ദിവസങ്ങളിൽ കർശനമായ പരിശോധന ഉണ്ടായിരിക്കുമെന്നും പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി തെളിവു സഹിതം പഞ്ചായത്തിൽ അറിയിച്ചാൽ പാരിതോഷികം ഉൾപ്പെടെ നൽകുമെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.