നെന്മാറ കോതകുളം നവീകരണം
1297923
Sunday, May 28, 2023 3:09 AM IST
നെന്മാറ: ടൗണ്‍ പരിസരത്ത് നെന്മാറ കയറാടി റോഡിനു സമീപമായി വേട്ടക്കൊരു മകൻ ക്ഷേത്രത്തിനു സമീപമുള്ള കോതകുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഒരേക്കറോളം വലിപ്പമുള്ള കുളത്തിന്റെ ചുറ്റുമതിലും നാലു വശത്തുമുള്ള കൽപ്പടവുകളും ഇടിഞ്ഞുവീണു കിടക്കുകയാണ്. സമീപത്തെ മരങ്ങൾ കടപുഴകി വീണു വർഷങ്ങളായി ചെളി അടിഞ്ഞുകൂടി വെള്ളത്തിന് പച്ചനിറവും ദുർഗന്ധവും ആയതോടെ പ്രദേശവാസികൾ കുളം ഉപയോഗിക്കാതെയായി. ത്രിതല പഞ്ചായത്തുകൾ മുഖേന കുളം നന്നാക്കാൻ വേണ്ടി പ്രദേശവാസികൾ നിവേദനം നൽകിയെങ്കിലും പുനരുദ്ധാരണ നടപടികൾ നീളുകയായിരുന്നു.
കുളത്തിന്റെ ഉടമസ്ഥാവകാശം പഞ്ചായത്തിനോ ബ്ലോക്ക് പഞ്ചായത്തിന് കൈമാറാത്തതാണ് നവീകരണത്തിന് തുക വകയിരുത്താൻ തടസമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. നെന്മാറ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കുളത്തിലെ ചെളി നീക്കാനുള്ള നടപടികളാണ് ഇപ്പോൾ ആരംഭിച്ചത്. ഇതിനായി നാലുദിവസത്തോളമായി രണ്ടു മോട്ടോറുകൾ ഉപയോഗിച്ച് കുളത്തിലെ വെള്ളം പന്പ് ചെയ്ത് വറ്റിച്ചു. മുൻ വർഷങ്ങളിൽ നിരവധി സംഘടനകൾ നീന്തൽ പരിശീലനത്തിന് ഈ കുളം ഉപയോഗിച്ചിരുന്നു.