വടക്കഞ്ചേരി മേൽപ്പാലത്തിൽ കുത്തിപ്പൊളിക്കൽ തുടരുന്നു; ഇപ്പോൾ തൃശൂർ ലൈനിൽ
1297674
Saturday, May 27, 2023 1:16 AM IST
വടക്കഞ്ചേരി : വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാത തുടങ്ങുന്ന വടക്കഞ്ചേരി മേൽപ്പാലത്തിൽ കുത്തിപ്പൊളിക്കൽ പണികൾ തുടരുകയാണ്. തൃശൂർ ലൈനിലാണ് ഇപ്പോൾ പൊളിച്ചടക്കലും റിപ്പയർ വർക്കുകളും നടക്കുന്നത്. മൂന്ന് വരി പാതയിൽ രണ്ട് വരി പാതകൾ അടച്ചാണ് കഴിഞ്ഞ അഞ്ച് ദിവസം പാലക്കാട് ലൈനിൽ പണികൾ നടത്തിയത്.
താല്കാലിക അറ്റകുറ്റപണി നടത്തി പാലക്കാട് ലൈൻ തുറന്നപ്പോൾ ഇപ്പോൾ തൃശൂർ ലൈനിലെ രണ്ട് പാതകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചാണ് നിർമാണ അപാകതയിലുണ്ടായിട്ടുള്ള തകരാറുകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.
ഭീമുകൾ തമ്മിലുള്ള അകലം കൂടി വാഹനങ്ങൾ കടന്നു പോകുന്പോൾ അപകടങ്ങൾക്ക് കാരണമാവുകയാണ്. കാർ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ ഈ വിടവുകളിൽ ചാടിപ്പോകുന്പോൾ ടയർ പഞ്ചറാവുകയും കേടുപാടുകൾക്ക് വഴിവെക്കുകയും ചെയ്യുന്നു.
2021 ഫെബ്രുവരി ആറിനാണ് വാഹന ഗതാഗതത്തിനായി മേൽപ്പാലം തുറന്നത്. ഇതേ തുടർന്ന് എത്ര തവണ പാലത്തിൽ കുത്തിപ്പൊളിച്ചുള്ള റിപ്പയർ വർക്കുകൾ നടന്നു എന്നതിന് കരാർ കന്പനിയുടെ കൈയിലും കൃത്യമായ കണക്കില്ല. അത്രയേറെ തവണ മേൽപ്പാലത്തിൽ അറ്റകുറ്റപ്പണികൾ നടന്നിട്ടുണ്ട്. രണ്ടു വർഷത്തിനുള്ളിൽ 20 ലേറെ തവണയെങ്കിലും പാലത്തിൽ കുത്തിപ്പൊളിച്ച് പണി നടത്തിയിട്ടുണ്ടാകുമെന്നാണ് തൊഴിലാളികൾ നൽകുന്ന ഏകദേശ കണക്ക്.
ഒരുതവണ റിപ്പയർ ചെയ്ത സ്ഥലത്തു തന്നെ പിന്നേയും വർക്കുകൾ നടത്തേണ്ട ദുരവസ്ഥയാണുള്ളത്. ഇടക്കിടെയുള്ള റിപ്പയർ പണികൾക്കായി മൂന്നുവരി പാതയിലെ ഒന്നോ രണ്ടോ പാതകൾ അടച്ചിടുന്നത് ടോൾ നൽകിവരുന്ന വാഹന യാത്രികരിൽ വലിയ പ്രതിഷേധങ്ങൾക്കും കാരണമാകുന്നുണ്ട്.