തരിശുഭൂമിയെ ഹരിതഭൂമിയാക്കാനുള്ള ശ്രമം തുടരും! വനമിത്ര അവാർഡ് സാരംഗ് ഗോപാലകൃഷ്ണന്
1282506
Thursday, March 30, 2023 1:10 AM IST
അഗളി: വിശ്രമമില്ലാതെ വനവത്കരണവുമായി മുന്നോട്ടുപോവുകയാണ് വനമിത്ര അവാർഡ് ജേതാവായ സാരംഗ് ഗോപാലകൃഷ്ണൻ. കൊടും വരൾച്ചയും കാട്ടുതീയും രൂപപ്പെടുത്തിയ തരിശുഭൂമിയെ ഇടതൂർന്ന വനമാക്കി മാറ്റിയതിനാണ് അദ്ദേഹത്തിന് വനംവകുപ്പിന്റെ അംഗീകാരം തേടിയെത്തിയത്.
വനനശീകരണത്തിനെതിരെ നടത്തിയ ശക്തമായ പോരട്ടത്തിൽ പ്രതിസന്ധികളും പരിഹാസങ്ങളും വകവയ്ക്കാതെയാണ് സാരംഗ് ഗോപാലകൃഷ്ണനും ഭാര്യ വിജയലക്ഷ്മിയും തന്റെ പ്രവർത്തനങ്ങളായി മുന്നോട്ടു പോയത്. ദീർഘകാലമായി തരിശായി കിടന്ന ഭൂമി ഇന്ന് ജൈവവൈവിധ്യങ്ങളുടെ കലവറയായ ഒരു കുട്ടിവനമായി മാറിയിരിക്കുകയാണ്. പ്രകൃതി സംരക്ഷണവും വനവത്കരണവും ജീവിതചര്യയാക്കിയ അദ്ദേഹം തരിശു ഭൂമിയെ ഹരിത ഭൂമിയാക്കാനുള്ള ശ്രമം തുടർന്നുകൊണ്ടിരിക്കുകയാണ്. 1981ൽ ഗവ എൽപി സ്കൂൾ അധ്യാപകരായാണ് സാരംഗ് ഗോപാലകൃഷ്ണൻ വിജയലക്ഷ്മി ദന്പതികളുടെ അട്ടപ്പാടിയിലേക്കുള്ള രംഗപ്രവേശം.
1983-85 കാലഘട്ടങ്ങളിൽ അട്ടപ്പാടിയെ പിടിച്ചു കുലുക്കിയ കൊടുംവരൾച്ചയെ അതിജീവിക്കാൻ സഹായിച്ചതും സാരംഗ് ഗോപാലകൃഷ്ണന്റെ പരിസ്ഥിതി പ്രവർത്തനങ്ങളിലൂടെയാണ്. പൊതുജനശ്രദ്ധ നേടാൻ താല്പര്യമില്ലാത്ത അദ്ദേഹം വനംവകുപ്പ് നല്കിയ വനമിത്ര അവാർഡ് വാങ്ങാൻ എത്തിയതും അധികമാരും അറിഞ്ഞിരുന്നില്ല. ഏതൊരു വിജയത്തിന് പിന്നിലും ഇണകളുടെ നിശ്ചയദാർഢ്യത്തോടെ ഒറ്റ മനസായുള്ള പ്രവർത്തനമാണ് വേണ്ടതെന്നും സാരംഗിന്റെ മുഴുവൻ നേട്ടങ്ങളിലും തന്നേക്കാളേറെ തന്റെ വാമഭാഗത്തിനാണ് അർഹതയെന്നും സാരംഗ് ഗോപാലകൃഷ്ണൻ പറയുന്നു.