വൈദ്യുതി കേബിൾ സ്ഥാപിച്ചു തുടങ്ങി
1282494
Thursday, March 30, 2023 1:08 AM IST
ഒറ്റപ്പാലം: ഒറ്റപ്പാലം സെക്ഷൻ പരിധിയിൽ കെഎസ്ഇബി ആധുനിക വൈദ്യുതി കേബിളുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ തുടങ്ങി. നഗര പ്രദേശങ്ങളിലും കൂടുതൽ വൈദ്യുതി ലൈനുകൾ കടന്നുപോകുന്ന മേഖലകളിലും ആണ് അപകടരഹിതവും നൂതനവുമായ എബിസി കേബിളുകൾ സ്ഥാപിക്കുന്ന പ്രവർത്തികൾ പുരോഗമിക്കുന്നത്. വൈദ്യുതി അപകടങ്ങൾ ഒഴിവാക്കുന്നതിനും വൈദ്യുതി തടസം ഒഴിവാക്കുന്നതിനും എബിസി കേബിൾ സ്ഥാപിക്കുന്നത് ഏറെ പ്രയോജനപ്രദമാണ്.
നഗര മേഖലകളിൽ വേർതിരിച്ചെടുക്കാൻ കഴിയാത്ത രീതിയിലെന്ന പോലെ കെട്ടുപിണഞ്ഞ് കിടക്കുന്ന വൈദ്യുതി ലൈനുകൾ പതിവ് കാഴ്ചയാണ്. ഇതുമൂലം പലപ്പോഴും അപകടങ്ങളും ഉണ്ടാകാറുണ്ട്. ലൈനുകൾ തമ്മിൽ കൂട്ടിമുട്ടി അഗ്നി സ്ഫുലിംഗങ്ങൾ ഉയരുന്നതും മരച്ചില്ലകളും മറ്റു വസ്തുക്കളും ലൈനുകളിൽ കുറുകെ വീണ് വൈദ്യുതി ബന്ധം തകരാറാകുന്നതും പലയിടങ്ങളിലും പതിവു കാഴ്ചയാണ്.
ലൈനുകൾ പൊട്ടി വീഴുന്നതടക്കമുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിലാണ് പരിഹാരമാർഗമായി പുതിയ കേബിൾ ശൃംഖല സ്ഥാപിച്ചു കെഎസ്ഇബി ഹൈടെക് ആവുന്നത്.
ഭൂമിക്ക് അടിയിലൂടെയും നിലവിലുള്ള രീതിയിൽ മുകളിലൂടെയും ഈ കേബിളുകൾ സ്ഥാപിക്കാൻ കഴിയും എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. കൂടാതെ ലോഹ കന്പികളെ വലയം ചെയ്തു റബർ കൊണ്ട് ആവരണം ചെയ്യപ്പെട്ടിട്ടുള്ളതിനാൽ ഇതിൽ തട്ടിയാലും അപകടങ്ങൾ ഉണ്ടാവില്ല.