അകന്പാടത്ത് വളര്ത്തുനായയെ പുലി പിടിച്ചു; പ്രദേശം ഭീതിയിൽ
1282490
Thursday, March 30, 2023 1:08 AM IST
നെന്മാറ: പോത്തുണ്ടി അകന്പാടത്ത് വീട്ടിൽ വളർത്തിയ നായയെ കഴിഞ്ഞദിവസം രാത്രി പുലി പിടിച്ചു. മുണ്ടിയം പറന്പ് കിഴക്കുംപുറം വീട്ടിൽ സുധീഷിന്റെ ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെയാണ് പുലി പിടിച്ചത്.
രാവിലെ നായയെ കാണാതായതിനെത്തുടർന്ന് വീട്ടിൽ സ്ഥാപിച്ച സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് രാത്രി 12 മണിയോടെ പുലി വരുന്നതും പരിസരം നിരീക്ഷിച്ച് നായയെ പിടിച്ചുകൊണ്ടുപോകുന്നതുമായ ദൃശ്യങ്ങൾ ലഭിച്ചത്.
4000 രൂപയോളം വില വരുന്ന ആറുമാസം പ്രായമായ നായയെയാണ് പുലി കൊന്നത്. രാത്രി 11.30 വരെ വീട്ടുകാരോടൊത്ത് വീട്ടിനു പുറത്ത് സമയം ചെലവഴിച്ച നായയെയാണ് വീട്ടുകാർ വീട്ടിനുള്ളിൽ കയറി അൽപസമയത്തിനകം പുലി പിടിച്ചത്.
സമീപ വീടുകളിലെ നായ്ക്കളെയും പലപ്പോഴായി കാണാതായിട്ടുണ്ടെങ്കിലും മറ്റേതെങ്കിലും കാരണം കൊണ്ട് നഷ്ടപ്പെട്ടതാണെന്നാണ് പ്രദേശവാസികൾ കരുതിയിരുന്നത്. അടുത്തടുത്തായി പത്തോളം വീടുകൾക്കിടയിൽ ഉള്ള വീട്ടിൽ നിന്നാണ് കഴിഞ്ഞ രാത്രി പുലി നായയെ പിടികൂടിയത്.
പുലിയുടെ സാന്നിധ്യം അറിഞ്ഞതോടെ പ്രദേശത്തെ വീട്ടുകാർ ഭയചകിതരാണ്. പ്രഭാത നടത്തത്തിന് ഇറങ്ങുന്ന സുധീഷിന്റെ അമ്മ മാധവി സംഭവദൃശ്യങ്ങൾ കണ്ട് ഏറെ ഭയപ്പാടോടെയാണ് നായയെ പിടിച്ച ദൃശ്യം നോക്കി കാര്യങ്ങൾ പറഞ്ഞത്. രാവിലെയും വൈകിട്ടും അതുവഴി നടന്നുവരുന്ന പ്രദേശവാസികൾ ഇതോടെ ഭീതിയിലായി. വനം വകുപ്പ് അധികൃതരെ അറിയിച്ചതിനെത്തുടർന്ന് പോത്തുണ്ടി സെക്്ഷൻ ജീവനക്കാർ സ്ഥലത്തെത്തി വീഡിയോ ദൃശ്യങ്ങൾ കൊണ്ടുപോയി.
ജനവാസ മേഖലയിൽ എത്തിയ പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ച് പ്രദേശവാസികളുടെ ഭീതി അകറ്റണം എന്നും പ്രദേശത്ത് കാലി വളർത്തലും ആട് വളർത്തലും നടത്തുന്ന കർഷകർക്ക് പുലി സാന്നിധ്യം ഭീഷണിയായെന്നും പ്രദേശവാസികൾ പറഞ്ഞു.