വേനൽമഴയും കാറ്റും; അട്ടപ്പാടിയിൽ വൈദ്യുതി വിതരണം മുടങ്ങി
1282478
Thursday, March 30, 2023 1:05 AM IST
അഗളി: അട്ടപ്പാടിയിൽ വേനൽ മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ നിരവധി സ്ഥലത്ത് വൈദ്യുതി ലൈനുകൾ പൊട്ടി വീണ് വൈദ്യുതി വിതരണം നിലച്ചു. ഇന്നലെ ഉച്ചക്ക് മൂന്നുമണിയോടെയാണ് മഴയുടെ തുടക്കം. ശക്തമായ കാറ്റിൽപ്പെട്ടു 33 കെവി യിൽ ഒരു ഫീഡർ ഫാൾട്ടായി. അഗളി സബ് സ്റ്റേഷനുള്ളിൽ ലൈറ്റ്നിംഗ് അറസ്റ്റർ പൊട്ടിത്തെറിച്ചു. കോട്ടമലയിൽ ശിർവാണി പുഴയിലേക്ക് ഇലവൻ കെവി പൊട്ടിവീണു.
നെല്ലിപ്പതിയിൽ ഇലവൻ കെവിയിലേക്ക് മുളംകൂട്ടം കടപുഴകി വീണു. നക്കപ്പതിയിൽ തോട്ടിലേക്ക് എൽടി ലൈനും പോസ്റ്റും പൊട്ടിവീണു. അഗളി ഭൂതിവഴിയിൽ കമുകു മരം ഒടിഞ്ഞുവീണു ഇലവൻ കെവി ലൈൻബന്ധം മുറിഞ്ഞു. കെഎസ്ഇബി അധികൃതരുടെ ദ്രുതഗതിയിലുള്ള ഇടപെടലിലൂടെ രാത്രി ഏഴരയോടെ തന്നെ ഏകദേശം വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.
നെല്ലിപ്പതിയിൽ കടപ്പുഴകിവീണ മുളംകൂട്ടം അതിസാഹസികമായാണ് മുറിച്ചു നീക്കിയത്. വൈദ്യുതിബന്ധം തകരാറിലായ വൈദ്യരുകോളനി, കോട്ടമേട് ഭാഗങ്ങളിൽ രാത്രിവൈകിയും വൈദ്യുതി വിതരണം സാധ്യമായില്ല. എല്ലായിടത്തും വൈദ്യുതി എത്തിക്കാനുള്ള തീവ്രശ്രമം നടന്നു വരികയാണെന്ന് സബ് എൻജിനീയർ ബിനോയ് പറഞ്ഞു.