ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ച് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്കേറ്റു
1281186
Sunday, March 26, 2023 6:49 AM IST
വടക്കഞ്ചേരി: ദേശീയപാത നീലിപ്പാറയിൽ ലോറിക്ക് പുറകിൽ മറ്റൊരു ലോറിയിടിച്ച് ഒരു ലോറി മറിഞ്ഞു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. കോയന്പത്തൂർ ഉക്കടം സ്വദേശി കാസിം (38), കോയന്പത്തൂർ സുണ്ണാന്പ് കളൈവെ കൈതമില്ലത്ത് സ്ട്രീറ്റിൽ അലാവുദ്ദീൻ (34) മലന്പുഴ ചെറാട് ലക്ഷം വീട് കോളനി മണികണ്ഠൻ (48) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്കേറ്റവരിൽ കാസിമിന്റെ നില അതീവ ഗുരുതരമാണ്. ഇന്നലെ വൈകീട്ട് പാലക്കാട് ലൈനിലായിരുന്നു അപകടം.
വടക്കഞ്ചേരി ഭാഗത്തേക്ക് സോഡ കയറ്റി വന്നിരുന്ന മിനിലോറിക്ക് പുറകിൽ ലോറി ഇടിക്കുകയായിരുന്നു. മിനി ലോറി പെട്ടെന്ന് സ്പീഡ് കുറച്ചതാണ് അപകട കാരണമെന്ന് പറയുന്നു. അപകടത്തെ തുടർന്ന് അഗ്നി രക്ഷാസേനയും ഹൈവേ പോലീസും ദേശീയപാത റെസ്ക്യൂ ടീമും സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ലോറിയുടെ കാബിനിൽ കുടുങ്ങിയവരെ ലോറി വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ കാസിമിന്റെ കാലുകൾ അറ്റ് തൂങ്ങിയ നിലയിലായിരുന്നു. ഇടിയുടെ ആഘാതത്തിൽ സമീപത്തെ ബാരിക്കേഡിൽ ഇടിച്ചശേഷമാണു മിനി ലോറി മറിഞ്ഞത് . ബാരിക്കേഡിൽ ഇടിച്ചില്ലെങ്കിൽ താഴ്ചയിലേക്ക് ലോറി മറിയുമായിരുന്നു.