കൊയ്തൊഴിഞ്ഞ പാടങ്ങളിൽ ചെമ്മരിയാട്ടിൻകൂട്ടം എത്തി
1280722
Saturday, March 25, 2023 12:48 AM IST
നെന്മാറ: രണ്ടാം വിള നെല്ല് കൊയ്ത നെൽപാടങ്ങളിൽ തീറ്റ തേടി ചെമ്മരിയാട്ടിൻ കൂട്ടങ്ങൾ എത്തി. നെൽപാടങ്ങളിലെ വരന്പുകളിലെ ചെടികളും തോടുകളിലെയും പുഴകളിലെയും നീർചാലുകളിലെയും വെള്ളവുമാണ് ഭക്ഷണമാക്കുന്നത്. 800 എണ്ണമുള്ള ആട്ടിൻകൂട്ടമാണ് നെന്മാറ, വിത്തനശേരി പട്ടോല, വല്ലങ്ങി പ്രദേശങ്ങളിലായി ദിവസങ്ങളായി തന്പടിക്കുന്നത്. കൂട്ടമായി എത്തുന്ന ചെമ്മരിയാട്ടിൻ കൂട്ടത്തെ കൗതുക കാഴ്ചയോടെയാണ് കുട്ടികൾ ഉൾപ്പെടെയുള്ളവർ കാണുന്നത്.
നെൽപാടങ്ങളിലും പറന്പുകളിലും ആട്ടിൻ കാഷ്ഠവും മൂത്രവും വളമായി ലഭിക്കുന്നതിന് ഒരു ദിവസം ആടുകളെ പാടങ്ങളിൽ കിടത്തുന്നതിന് 600 രൂപ കൂലി ഇവർ കർഷകരിൽ നിന്ന് വാങ്ങുന്നുണ്ട്. ആട്ടിൻ കാഷ്ഠവും മൂത്രവും ലഭിക്കുന്നതിനാൽ കൂടുതൽ കർഷകർ ആടുകളെ രാപ്പാർക്കാൻ അനുവദിക്കാൻ തയ്യാറാകുന്നുണ്ട്. ഒരേ സ്ഥലത്ത് തന്നെ ഒന്നിലേറെ ദിവസങ്ങളിൽ ആട്ടിൻപറ്റത്തെ തന്പടിപ്പിക്കുന്ന കർഷകരും ഉണ്ട്.
പകൽ സമയങ്ങളിൽ വിദൂര സ്ഥലങ്ങളിൽ ആടുകളെ മേയാൻ വിട്ട് വൈകുന്നേരത്തോടെ ആട്ടിൻ കൂട്ടത്തെ ഒരു സ്ഥലത്ത് കേന്ദ്രീകരിച്ച് കാഷ്ഠവും മൂത്രവും ലഭിക്കാൻ പാകത്തിനാണ് കിടത്തുന്നത്. കോയന്പത്തൂർ സുലൂർ സ്വദേശി അയ്യാസ്വാമിയുടേതാണ് ആട്ടിൻകൂട്ടം. സ്ഥിരമായി മേഖലയിൽ നാലുമാസത്തോളം വിവിധ സ്ഥലങ്ങളിൽ ആട്ടിൻ കൂട്ടങ്ങളെ മേയാൻ എത്തിക്കുക പതിവാണ്.
സഹായികളായി മകിടീശ്വരൻ രങ്കൻ, ആറുമുഖൻ എന്നിവരും കാവൽ ഭടന്മാരായി നായകളെയും ഇവർ കൂടെ കൂട്ടാറുണ്ട്. പ്രദേശത്തുള്ള നായകൾ ഇവരുടെ നായ്ക്കളോട് എതിരിടാൻ വരാറുണ്ടെങ്കിലും സഹായികളുടെ സഹായത്തോടെ അക്രമകാരികളെ ഓടിച്ചു വിടുകയാണ് ചെയ്യുന്നത്. രാത്രി സമയങ്ങളിൽ പുറമേ നിന്നുള്ള നായ്ക്കളുടെയും കുറുക്കൻ തുടങ്ങിയവയുടെ ആക്രമണം ചെറുക്കാൻ നായ്ക്കൾ സഹായിക്കാറുണ്ടെന്ന് അയ്യാസ്വാമി പറഞ്ഞു.
ചെറിയ ആട്ടിൻ കുഞ്ഞുങ്ങളെയും താമസിക്കുന്ന സ്ഥലത്തിനടുത്ത് പ്രത്യേക കൂടുണ്ടാക്കി പകൽ സമയങ്ങളിൽ സൂക്ഷിക്കുകയാണ് ചെയ്യുന്നത്.