കാലാവസ്ഥാ വ്യതിയാനം, ദുരിതത്തിലായി റബർ കർഷകർ
1280065
Thursday, March 23, 2023 12:25 AM IST
വടക്കഞ്ചേരി : കാലാവസ്ഥാ വ്യതിയാനത്തിൽ ഏറ്റവും കൂടുതൽ ദുരിതത്തിലായത് ഒരുപക്ഷേ, റബർ കർഷകർ തന്നെയാകും. വ്യാപകമായ പൊടി കുമിൾ രോഗമാണ് കർഷകരെ വലച്ചത്. നഷ്ടകണക്കുകളിൽ പൊറുതിമുട്ടുന്ന കർഷകർക്ക് പൊടി കുമിൾ രോഗം മറ്റൊരു വലിയ പ്രഹരമായി. ഇളം ഇലകൾ ചുരുണ്ട് പിരിഞ്ഞ് നശിക്കുന്നതാണ് രോഗലക്ഷണം.
ചിലയിടങ്ങളിൽ രോഗ വ്യാപനം കൂടി മൂത്ത ഇലകൾക്കും വെള്ളപ്പാടുകൾ കാണപ്പെട്ടു. കഴിഞ്ഞ രണ്ട് വർഷമായിട്ടാണ് പൊടി കുമിൾ രോഗം മേഖലയിൽ ഇത്രയേറെ വ്യാപിച്ചതെന്ന് കർഷകർ പറയുന്നു. മരങ്ങളുടെ സ്വാഭാവിക ഇലകൊഴിച്ചിലിനെ തുടർന്ന് വരുന്ന തളിരിലകളെയാണ് രോഗം ബാധിക്കുന്നത്. തളിരിലകൾ ഉണ്ടാകുന്ന സമയം മഞ്ഞോ മഴയോ മൂടലോ ഉണ്ടായാൽ ഈർപ്പം കൂടി അത് തങ്ങി നിന്ന് രോഗങ്ങൾ ഉണ്ടാക്കും. നിലന്പൂർ മേഖല ഒഴികെ മറ്റിടങ്ങളിലെല്ലാം രോഗവ്യാപനമുണ്ടായി.
ഇതുമൂലം റബറിന്റെ ഉല്പാദനം ഗണ്യമായി കുറഞ്ഞു. വില തകർച്ചയിൽ നട്ടംതിരിയുന്ന കർഷകർക്ക് ഉത്പാദനത്തിലെ കുറവും വലിയ തിരിച്ചടിയായി. തളിരിലകളെ ബാധിക്കുന്ന രോഗമായതിനാൽ തേൻ ഉത്പാദനത്തിലും പൊടികുമിൾ രോഗം വില്ലനായി മാറി. വൈകി നീണ്ടു നിന്ന മഞ്ഞും രോഗവ്യാപനത്തിന് കാരണമാക്കി.
മറ്റു മരങ്ങളിലും ചെടികളിലും പൂവിനുള്ളിൽ തേൻ കാണപ്പെടുന്പോൾ റബറിന്റെ ഇലത്തണ്ടിൽ ദളങ്ങൾ ചേരുന്ന ഭാഗത്താണ് മധു ഗ്രന്ഥികളുള്ളത്. ഈ ചെറു ഗ്രന്ഥികൾ ശ്രവിപ്പിക്കുന്ന തേൻ കൂടിച്ചേർന്ന് ഒരു വലിയ തുള്ളിയായി തീരും. ഈ തേനാണ് തേനീച്ചകൾ ശേഖരിച്ച് കൂടുകളിലെത്തിക്കുന്നത്.
എന്നാൽ രോഗം മൂലം ഇലകൾ ചുരുണ്ട് മധു ഗ്രന്ഥികൾ നശിക്കുകയായിരുന്നു. കേരളത്തിലെ 90 ശതമാനം തേനും റബർ തോട്ടം മേഖലയിലാണ് ഉല്പാദിപ്പിക്കുന്നത്. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയാണ് തേനിന്റെ പീക്ക് സീസണ്. കാലാവസ്ഥയിൽ ഉണ്ടാകുന്ന ചെറിയ ഒരു മാറ്റം പോലും അത് തേൻ ഉത്പാദനത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടാക്കുമെന്ന് കർഷകരിൽ നിന്നും തേൻ സംഭരിച്ച് വനമിത്ര എന്ന പേരിൽ വിപണിയിൽ എത്തിക്കുന്ന എളവന്പാടം മാതൃകാ റബർ ഉല്പാദക സംഘം പ്രസിഡന്റ് പി.വി. ബാബു പറഞ്ഞു.
തെക്കൻ കേരളത്തിൽ ഇക്കുറി തേൻ ഉത്പാദനം നന്നേ ഇല്ലാതായി. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് കുറച്ചെങ്കിലും തേനുള്ളത്. അതും ആശാവഹമല്ല. ഉത്പാദനം കുറഞ്ഞതും എന്നാൽ തേനിന്റെ ആവശ്യകത കൂടി നില്ക്കുന്ന സാഹചര്യവുമുള്ളതിനാൽ തേൻ വിലയും ഇക്കുറികൂടും. കിലോയ്ക്ക് 20 രൂപ മുതൽ 25 രൂപ വരെ വിലവർധനവ് ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.