തൊഴിൽദിനങ്ങൾ വര്‍ധിപ്പിക്കാൻ കൊടുംവേനലിൽ തീറ്റപ്പുൽകൃഷി!
1279258
Monday, March 20, 2023 12:41 AM IST
നെന്മാറ: തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ വർധിപ്പിക്കുന്നതിനു വേണ്ടി കൊടും വേനലിൽ തീറ്റപുൽ വച്ചുപിടിപ്പിക്കുന്നു.
അയിലൂർ, നെന്മാറ പഞ്ചായത്തുകളിലാണ് കൊടുംവേനലിൽ തീറ്റപുൽ കൃഷി എന്ന പേരിൽ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നത്.
നട്ടു നനച്ച് പരിപാലിക്കുന്ന പച്ചക്കറി മുതൽ ഫലവൃക്ഷങ്ങൾ വരെ വേനലിൽ ഉണങ്ങിപ്പോകുന്ന മീനമാസത്തിലാണ് തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് റോഡരികിലും കനാൽ ബണ്ടുകളിലും തീറ്റപുൽ കൃഷി ചെയ്യിക്കുന്നത്.
നവംബർ, ഡിസംബർ മാസത്തിലെങ്കിലും നടത്താമായിരുന്ന തീറ്റപുൽ നടീൽ അത്യുഷ്ണത്തിന്റെ ഉന്നതിയിൽ നിൽക്കുന്ന മാർച്ച് മാസത്തിൽ നടുന്നതിനെയാണ് പാഴ് വേലയായി ജനങ്ങൾ ചൂണ്ടികാണിക്കുന്നത്.
തൊഴിൽ ദിനങ്ങൾ എണ്ണം വർധിപ്പിച്ചു കാണിക്കുന്നതിന് വേണ്ടി സാന്പത്തിക വർഷാവസാനത്തെ ദിവസങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് പണിയെടുപ്പിക്കുന്നത്.
ആവർത്തന സ്വഭാവമുള്ള തൊഴിലുകൾക്ക് നിരോധനം ഉണ്ടെന്ന മറവിലാണ് കന്നുകാലികൾക്കാവശ്യമായ തീറ്റപുൽ കൃഷി തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് ചെയ്യിക്കുന്നത്.
നട്ട തീറ്റപുല്ലുകൾ ഒറ്റ ദിവസം കൊണ്ട് തന്നെ ഉണങ്ങികഴിഞ്ഞെങ്കിലും ദൂരെ നിന്നും വെള്ളം കൊണ്ടുവന്ന് ചില തൊഴിലാളികൾ നനക്കാനുള്ള വിഫല ശ്രമവും നടത്തുന്നുണ്ട്.
ബ്ലോക്ക് പഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും തൊഴിലുറപ്പ് നടത്തിപ്പിലെ വികല തീരുമാനങ്ങളും നടപടികളും വിമർശിക്കാൻ ഭരണ പ്രതിപക്ഷ പഞ്ചായത്ത് അംഗങ്ങൾ തയ്യാറാവുന്നില്ല.
തൊഴിൽ തടസപ്പെടുത്തി എന്ന ദുഷ്പ്രചരണവും, ദുഷ്പേരും, വോട്ടുബാങ്കിലെ ചോർച്ചയും പേടിച്ചാണ് രാഷ്ട്രീയപാർട്ടികളും മറ്റു സാമൂഹ്യ സംഘടനകളും വികല നയത്തിനെതിരെ കണ്ണടയ്ക്കുന്നത്.