മുതലമടയിൽ രാഷ്ട്രീയം കലങ്ങിമറിയുന്നു
1265319
Monday, February 6, 2023 1:10 AM IST
മുതലമട: പഞ്ചായത്തിൽ അവിശ്വാസ പ്രമേയത്തിൽ സിപിഎം ഭരണത്തിൽനിന്നു പുറത്തായതോടെ മിക്ക രാഷ്ട്രീയ പാർട്ടികളിലും ഉൾപ്പോരു മുറുകുന്നു. നിലവിൽ വികസന കാര്യക്ഷേമ സമിതി അധ്യക്ഷ ജാസ്മിൻ ഷെയ്ക്കിനു പ്രസിഡന്റായും ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷയെ വൈസ് പ്രസിഡന്റായും വരണാധികാരി താത്കാലിക ചുമതല നൽകിയിട്ടുണ്ട്.
ഇതിനിടെ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച മൂന്ന് ബിജെപി അംഗങ്ങളെ ജില്ലാ നേതൃത്വം സസ്പെൻഡ് ചെയ്തിട്ടുണ്ട്. പാർട്ടി വിപ്പ് നിർദ്ദേശം അവഗണിച്ചു എന്ന് ആരോപിച്ചാണ് ഇവർക്കെതിരെ നടപടി എടുത്തിരിക്കുന്നത്.
എന്നാൽ രണ്ടു സ്വതന്ത്ര അംഗങ്ങൾ കൊണ്ടുവന്ന വിശ്വാസ പ്രമേയത്തിനാണ് പിന്തുണ നൽകിയെന്ന ഉറച്ചനിലപാടിലാണ് നടപടിക്കു വിധേയമായ മൂന്നു മെംബർമാരും.
കോണ്ഗ്രസ് -ബിജെപി അവിശുദ്ധ കൂട്ടുകെട്ട് ആരംഭിച്ചതായി പരസ്യ ആരോപണമുന്നയിച്ച സിപിഎം കാന്പ്രത്തുചള്ള ടൗണിൽ പ്രതിഷേധ പ്രകടനവും നടത്തി.
എന്നാൽ പഞ്ചായത്ത് പ്രസിഡന്റ് കെ. ബേബി സുധയുടെ ഏകപക്ഷീയമായ തീരുമാനമാണ് ഭരണനഷ്ടത്തിനു കാരണമായതെന്ന് സിപിഎം അണികളിൽ മുറുമുറുപ്പുണ്ട്. ആറു മെംബർമാരുള്ള മുതലമട പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎം മത്സരിക്കുമോ എന്നതു സംസാര വിഷയമാണ്.
പ്രസിസന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് സ്വതന്ത്ര അംഗങ്ങൾ മത്സരിച്ചാലേ ബിജെപി പിന്തുണ ഉണ്ടാവൂ എന്നും അടക്കം പറച്ചിലുണ്ട്.
കോണ്ഗ്രസിനു പ്രസിഡന്റും ബിജെപി വൈസ് പ്രസിഡന്റും സ്ഥാനം നല്കി ഭരണ ചുമതല ഏൽപ്പിക്കാൻ ഒരു മൂന്നാം മുന്നണി ചരടുവലിയും അണിയറയിൽ സജീവമാണ്.