ചിറ്റൂർ ഗവണ്മെന്റ് കോളജ് പ്ലാറ്റിനം ജൂബിലി എക്സിബിഷൻ
1262363
Thursday, January 26, 2023 12:37 AM IST
ചിറ്റൂർ : ഗവണ്മെന്റ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ചക്ര-75 എക്സിബിഷൻ 31ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കും. കേരളാ കോളജ് വിദ്യാഭ്യാസ ഡയറക്ടർ വി.വിഘ്നേശ്വരി, ചിറ്റൂർ-തത്തമംഗലം നഗരസഭ ചെയർപേഴ്സൻ കെ.എൽ. കവിത എന്നിവരും പങ്കെടുക്കും.
1947ൽ സ്ഥാപിതമായ ഗവണ്മെന്റ് കോളേജ് ചിറ്റൂർ ഈ വർഷം അതിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചുവരികയാണ്.
2022 ഡിസംബറിലാണ് വാർഷികാഘോഷം ഉദ്ഘാടനം ചെയ്യപ്പെട്ടത്. അർഹരായ ഏഴു വിദ്യാർഥികൾക്ക് വീടുവച്ചുനല്കുന്നതുൾപ്പെടെ ഒട്ടേറെ മേഖലകളിലുള്ള വൈവിധ്യപൂർണ്ണവും വർണ്ണാഭവുമായ സംരംഭങ്ങളിലൂടെ പ്ലാറ്റിനം ജൂബിലി അതിന്റെ സമാപനഘട്ടത്തിലേക്കു പ്രവേശിക്കും.
ഇതിനോടനുബന്ധിച്ച്, വിജ്ഞാന വിനോദപ്രദർശനമേള 31, ഫെബ്രുവരി ഒന്ന് തിയതികളിലായി കോളജിൽ സംഘടിപ്പിക്കും.
ചിറ്റൂർ മേഖലയിലെ മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങളിലേയും വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും ശാസ്ത്ര വൈജ്ഞാനിക രംഗങ്ങളിലെ മുന്നേറ്റങ്ങളെ പരിചയപ്പെടുത്തുവാനാണ് മേള ലക്ഷ്യം വെക്കുന്നത്.
ചിറ്റൂർ കോളജിന്റെ സവിശേഷമായ പഠനവിഭാഗങ്ങളായ തമിഴ്, ഭൂമിശാസ്ത്രം, സംഗീതം, തത്വശാസ്ത്രം തുടങ്ങിയ വിഭാഗങ്ങൾ അതതു മണ്ഡലങ്ങളിൽ നല്കിയ സംഭാവനകളെ സാമാന്യജനതയ്ക്കു പരിചയപ്പെടുത്തുന്നതോടൊപ്പം, മറ്റെല്ലാ ശാസ്ത്രമാനവികശാസ്ത്രഭാഷാവിഭാഗങ്ങളെല്ലാം അതതു വൈജ്ഞാനികമണ്ഡലത്തിലെ ജ്ഞാനാന്വേഷണത്തിന്റെ ഫലങ്ങൾ ഇവിടെ അണിനിരത്തപ്പെടുന്നു.
വിജ്ഞാനത്തോടൊപ്പം വിനോദവും കൂടി ലക്ഷ്യമാക്കുന്ന പ്രസ്തുതപ്രദർശനത്തിൽ നിരവധി കലാപ്രകടനങ്ങളും സംഗീതം, നൃത്തം, നാടകം, സിനിമ, നാടൻകലാഅവതരണങ്ങൾ എന്നിവയും തയാറാക്കിയിട്ടുണ്ട്.