റോഡിന്റെ വീതികൂട്ടൽ തുടങ്ങി
1246762
Thursday, December 8, 2022 12:24 AM IST
ചിറ്റൂർ : നന്ദിയോട് മുതലമട റെയിൽവേ സ്റ്റേഷൻ റോഡിനു ശാപമോക്ഷമായി. റോഡിന് ഒന്നര മീറ്റർ വീതി കൂട്ടി നവീകരണം ആരംഭിച്ചു. റോഡിനു കുറുകെയുള്ള പാലങ്ങളും പുനർനിർമാണം നടത്തി വരികയാണ്.
കഴിഞ്ഞ പത്തു വർഷം മുൻപാണ് റോഡിന്റെ അറ്റകുറ്റപണികൾ നടന്നത്. വീതി കുറഞ്ഞ റോഡിൽ ചെറിയ വാഹനങ്ങൾ പോലും സഞ്ചരിക്കുന്നത് അപകട ഭീഷണിയിലാണ്. വീതി കുറഞ്ഞ പാതയിൽ കുത്തനെയുള്ള വളവുകാരണം മുൻപ് പലതവണ വാഹനങ്ങൾ കൂട്ടിയിടിച്ച അപകടങ്ങൾ നടന്നിട്ടുണ്ട്.
പത്തോളം സ്വകാര്യ ബസുകളും സ്കൂൾ വിദ്യാർഥികളുമായി വാഹനങ്ങൾ സഞ്ചരിക്കുന്ന റോഡാണിത്. വലിയ വാഹനങ്ങൾ മുഖാമുഖമെത്തിയാൽ ഇടുങ്ങിയ റോഡുകാരണം ഇടയ്ക്കിടെ ഗതാഗതകുരുക്കും പതിവാണ്.
റോഡ് നവീകരണം പൂർത്തിയാവുന്നതോടെ മുതലമട റെയിൽവേ സ്റ്റേഷൻ, കാന്പ്രത്ത്ച്ചള്ള, കൊല്ലങ്കോട് ഭാഗത്തേക്ക് സഞ്ചരിക്കാൻ യാത്രസൗകര്യമാവും.
ചെട്ടിയാർച്ചള്ള മുതൽ കാന്പത്ത്ച്ചള്ളവരേയുള്ള നാല് കിലോമീറ്റർ റോഡ് ഒരു വർഷം മുൻപ് തന്നെ വീതി കൂട്ടി നവീകരണം നടത്തിയിട്ടുണ്ട്.
മീനാക്ഷിപുരം, പ്ലാച്ചിമട, കന്നിമാരി, പാട്ടികുളം ഭാഗത്തു നിന്നും കൊല്ലങ്കോട്ടിലേക്കു ദൂരകുറവുള്ള മുതലമട വഴി തന്നെ സഞ്ചരിക്കാനാവും.
നിലവിൽ മുതലമട റോഡിന്റെ ശോചനീയാവസ്ഥ കാരണം പട്ടഞ്ചേരി കൊശവൻകോട് വഴിയാണ് വാഹനസഞ്ചാരം നടത്തുന്നത്. ഒരു മാസത്തിനകം നന്ദിയോട് മുതലമട റോഡ് നവീകരണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് നിർമാണം പുരോഗമിക്കുന്നത്.