പട്ടാപ്പകൽ വീടുകളിൽ മോഷണം നടത്തുന്നയാൾ പിടിയിൽ
1245303
Saturday, December 3, 2022 12:58 AM IST
ചെർപ്പുളശേരി: പട്ടാപ്പകൽ അടച്ചിട്ട വീടുകളിൽ കയറി സ്വർണവും പണവും കവരുന്ന കള്ളൻ അറസ്റ്റിൽ.
തൃക്കടീരി വീരമംഗലം തച്ചന്പറ്റ ശിവദാസനെ (28) യാണ് ചെർപ്പുളശേരി പോലീസ് അറസ്റ്റുചെയ്തത്.
രണ്ടു മാസത്തിനിടെ ചെർപ്പുളശേരി സ്റ്റേഷൻ പരിധിയിലെ പൂട്ടിയിട്ട രണ്ട് വീടുകളിൽ കവർച്ച നടത്തിയതിനെ കുറിച്ചുള്ള അന്വേഷണത്തിലാണ് ശിവദാസനെ പോലീസ് പിടികൂടിയത്.
പകൽ സമയത്ത് വീട് പൂട്ടി പുറത്തു പോകുന്നവരെ നിരീക്ഷിച്ച് വാതിലും അലമാരയും മേശകളും തകർത്ത് കവർച്ച നടത്തുന്നതാണ് പ്രതിയുടെ രീതി. ചെർപ്പുളശേരിയിൽ മാത്രം ആറിടങ്ങളിൽ കവർച്ച നടത്തിയത് പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.
ശ്രീകൃഷ്ണപുരത്തും രണ്ടിടത്ത് കവർച്ച നടത്തിയിട്ടുണ്ട്. ആദ്യമായാണ് ഇയാൾ പോലീസ് പിടിയിലാവുന്നത്. ഒറ്റപ്പാലം സ്റ്റേഷൻ പരിധിയിൽ സമാന കവർച്ച നടന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. ചെർപ്പുളശേരിയിൽ നിന്നും വ്യാഴാഴ്ച രാത്രിയാണ് പ്രതിയെ അറസ്റ്റുചെയ്തത്.
സ്റ്റേഷൻ ഹൗസ് ഓഫീസർ ടി. ശശികുമാർ, എസ് ഐ മാരായ ബി.പ്രമോദ്, ബിനു മോഹൻ, എഎസ്ഐ ഉണ്ണികൃഷ്ണൻ, പി.രാജീവ്, അജീഷ്, വിനു ജോസഫ്, എ. ഉദയൻ, എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്.