വെള്ളാരംകടവിലെ മാന്തോപ്പിൽ കാട്ടാനയുടെ വിളയാട്ടം
1245300
Saturday, December 3, 2022 12:58 AM IST
മുതലമട: വെള്ളാരങ്കടവിലെ മാവിൻ തോട്ടത്തിൽ കാട്ടാനയിറങ്ങി പാകമായ മാങ്ങകൾ തിന്നും പിഴുതെറിഞ്ഞും മാവിൻ കൊന്പുകൾ ഒടിച്ചിട്ടും സർവനാശം വരുത്തി.
വെള്ളാരങ്കടവ് ഹനീഫയുടെ മാവിൻ തോട്ടത്തിൽ ഇന്നലെ പുലർച്ചെയാണ് കാട്ടാനയുടെ ശല്യം ഉണ്ടായത്. തോട്ടത്തിൽ പല ഭാഗത്തായാണ് മാവുകൾ പിഴുതിട്ടിരിക്കുന്നത്.
തോട്ടത്തിലുടനീളം മൂപ്പെത്തിയതും അല്ലാത്തതുമായ മാങ്ങകൾ പരന്നു കിടക്കുകയാണ്.
രാവിലെ തോട്ടംപണിക്കെത്തിയ തൊഴിലാളികളാണ് ആനയാക്രമണം അറിഞ്ഞ് ഉടമ ഹനീഫയെ അറിയിച്ചത്.
കർഷക സംരക്ഷണ സമിതി ഭാരവാഹികളും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. മാവിൻ തോട്ടങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാവുകയാണ്. കാലാവസ്ഥ വ്യതിയാനത്തിൽ മാവു കൃഷി നഷ്ടമായിക്കൊണ്ടിരിക്കുന്പോഴാണ് വന്യമൃഗ ശല്യവും രൂക്ഷമാകുന്നത്.
പതിവായി ആനയിറങ്ങി കാർഷിക വിളകൾ നശിപ്പിച്ച് കർഷകരുടെ ഭൂസ്വത്തുക്കൾ നശിപ്പിച്ചിട്ടും ബന്ധപ്പെട്ട വനം വകുപ്പ് മേധാവികൾ മൗനം പാലിക്കുന്നതിൽ കർഷക രോഷം കൂടി വരികയാണ്.