കേരള കോൺഗ്രസ് - ബി ജില്ലാ നേതൃത്വം കേരള കോൺഗ്രസ് - എമ്മിൽ ലയിച്ചു
1243082
Friday, November 25, 2022 12:35 AM IST
പാലക്കാട്: കേരള കോൺഗ്രസ് - ബി ജില്ലാ കമ്മിറ്റി ഒന്നടങ്കം കേരള കോൺഗ്രസ് - എമ്മിൽ ചേർന്നതായി ജില്ലാ പ്രസിഡന്റ് കെ.എം. ഉണ്ണികൃഷ്ണൻ പത്രസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന ചെയർമാൻ കെ.ബി. ഗണേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന കമ്മിറ്റി പാർട്ടി പ്രവർത്തനത്തിൽ കാണിക്കുന്ന നിസംഗതയിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നത്.
സാധാരണക്കാരുടെ വിഷയങ്ങളിൽ പാർട്ടി ഇടപെടുന്നില്ല. പാർട്ടി പ്രവർത്തനത്തിനു സ്വാതന്ത്ര്യം നൽകുന്നില്ലെന്നും അംഗങ്ങളെ ചേർത്താൻ മാത്രമേ തങ്ങളെ നിർബന്ധിക്കുന്നുള്ളുവെന്നും പറഞ്ഞു. ജില്ലാ കമ്മിറ്റിക്കു പുറമെ പാലക്കാട്, മലന്പുഴ, ഷൊർണൂർ, ഒറ്റപ്പാലം മണ്ഡലം കമ്മിറ്റികളും കേരള കോൺഗ്രസ് - എമ്മുമായി പ്രവർത്തിക്കാൻ തീരുമാനിച്ചു.
കഴിഞ്ഞ ദിവസം കോട്ടയത്ത് ജോസ് കെ. മാണിയുമായി നടത്തിയ ചർച്ചയിൽ യാതൊരു ഉപാധികളുമില്ലാതെയാണ് പാർട്ടിയിൽ ചേർന്നതെന്നും ജില്ലാ നേതാക്കൾ പറഞ്ഞു. ജില്ലാ ജനറൽ സെക്രട്ടറി വി. ജയരാമനും പത്രസമ്മേളനത്തിൽ പങ്കെടുത്തു.