അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ആവശ്യം
1243080
Friday, November 25, 2022 12:35 AM IST
മുതലമട : ചപ്പക്കാട്ടിൽ 15 മാസം മുൻപ് കാണാതായ രണ്ട് യുവാക്കളെക്കുറിച്ച് അന്വേഷണം സിബിഐ വിടണമെന്നാവശ്യപ്പെട്ട് സ്ഥലത്തെ പഞ്ചായത്തംഗം സംസ്ഥാന പട്ടികജാതി, പട്ടികവർഗ, പിന്നോക്ക ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണനു പരാതി നല്കി. മുതലമട ക്ഷേമകാര്യ സമിതി സ്ഥിരം സമിതി അധ്യക്ഷ കൽപ്പന ദേവിയാണ് പരാതി നല്കിയിരിക്കുന്നത്.
മുതലമട ചപ്പക്കാട് സ്റ്റീഫൻ സാമുവൽ (29) മുരുകേശൻ (29) എന്നിവരാണ് 2021 ആഗസ്റ്റ് 30ന് കാണാതായത്.
കൊല്ലങ്കോട് പോലീസ് ഒന്പത് മാസത്തോളം ഫയർഫോഴ്സ്, വനംവകുപ്പ്, സ്കൂബാടീം ഉൾപ്പെടെയുള്ള ജീവനക്കാരെ ഉപയോഗിച്ച് അന്വേഷണം നടത്തിയെങ്കിലും കാണാതായവരെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.
കാണാതായവരുടെ കുടുംബക്കാരും നാട്ടുകാരും അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ടതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുന്ദരനു കൈമാറി.
എന്നാൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വീണ്ടും യുവാക്കൾക്കു വേണ്ടി തിരച്ചിൽ നടത്തിയിരുന്നു. കൂടാതെ സംഭവവുമായി ബന്ധപ്പെട്ടു നൂറിലേറെപ്പേരെ ചോദ്യം ചെയ്തെങ്കിലും അവിടേയും പ്രതീക്ഷയ്ക്കു വകയില്ലാതെ വീണ്ടും അന്വേഷണം വഴിമുട്ടിയ നിലയിലായി.
ഇതിനിടെ തെന്മലയിൽ ഒരു തലയോട്ടി ലഭിച്ചതു കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനകളും എവിടേയുമെത്തിയില്ല. തലയോട്ടിയുടെ ഡിഎൻഎ പരിശോധന ഫലവും ആറു മാസമായും വെളിച്ചം കണ്ടില്ല.
ഈ സാഹചര്യത്തിലാണ് സാമൂവൽ സ്റ്റീഫൻ, മുരുകേശൻ എന്നിവരുടെ അന്വേഷണം സിബിഐയ്ക്കു വിടണമെന്ന ആവശ്യവുമായി പഞ്ചായത്തംഗം മന്ത്രിക്കു പരാതി നല്കിയിരിക്കുന്നത്. ഈ വിഷയം സർക്കാരിൽ അറിയിച്ച് തുടർനടപടിക്കു ശ്രമിക്കാമെന്ന് മന്ത്രി മറുപടി നല്കിയിട്ടുമുണ്ട്.