ഒട്ടൻഛത്രം പദ്ധതി പിൻവാങ്ങൽ തുടർസമരങ്ങളുടെ വിജയം: സുമേഷ് അച്യുതൻ
1243076
Friday, November 25, 2022 12:35 AM IST
ചിറ്റൂർ : ഒട്ടൻഛത്രം പദ്ധതിയിൽ നിന്ന് തമിഴ്നാട് പിൻവാങ്ങിയത് കോണ്‍ഗ്രസിന്റെ തുടർസമരങ്ങളുടെ വിജയമെന്ന് ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്യുതൻ. പദ്ധതിക്ക് തമിഴ്നാട് ഒരുങ്ങുന്ന വേളയിൽ തന്നെ കോണ്‍ഗ്രസ് പ്രത്യക്ഷ സമരവുമായി രംഗത്ത് വന്നു.
ചിറ്റൂരിലും ഗോപാലപുരത്തും ഉപവാസ സമരവും ധർണയും ചിറ്റൂർ താലൂക്കിൽ ഹർത്താലും നടത്തി സർക്കാരുകൾക്കു താക്കീത് നല്കി.
ഓഗസ്റ്റ് നാലിന് താലൂക്ക് പരിധിയിൽ ഹർത്താൽ നടത്താൻ കോണ്‍ഗ്രസ് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതിനു ശേഷം ഓഗസ്റ്റ് മൂന്നിനാണ് മുഖ്യമന്ത്രിയും ജലവിഭവ വകുപ്പ് മന്ത്രിയും തമിഴ്നാടിനു കത്ത് നല്‍കിയത്. കേരള സർക്കാരിന്റെ പിടിപ്പുകേടു മൂലമാണ് തമിഴ്നാട് പദ്ധതിയുമായി മുന്നോട്ടു പോയതെന്ന കോണ്‍ഗ്രസിന്റെ ആരോപണം ശരിയാണെന്ന് ഇതോടെ തെളിഞ്ഞു. ഈ വിഷയത്തിലെ കുറ്റകരമായ അനാസ്ഥയ്ക്ക് ഇപ്പോഴെങ്കിലും ജനങ്ങളോടു മാപ്പ് പറയാൻ കെ. കൃഷ്ണൻകുട്ടി തയാറാകണമെന്ന് കോൺഗ്രസ് ആരോപിച്ചു.
സമരപേരാട്ടങ്ങൾക്ക് എല്ലാവിധ പിന്തുണയും നല്കിയ കെപിസിസി, ഡിസിസി നേതൃത്വത്തെ അഭിവാദ്യം ചെയ്തു.
ജനങ്ങളുടെ അവകാശങ്ങൾ കവരുന്ന ഭരണകൂടങ്ങൾക്കെതിരെ ഇനി നടത്താനിരിക്കുന്ന സമരങ്ങളിലും പൊതു സമൂഹത്തിന്റെ പിന്തുണ അഭ്യർഥിക്കുന്നുവെന്നും സുമേഷ് അച്യുതൻ പറഞ്ഞു.
ഡിസിസി ജനറൽ സെക്രട്ടറി കെ.സി. പ്രീത്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ആർ. സദാനന്ദൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.