സംസ്ഥാനത്തെ 50 ശതമാനം പൊതുമരാമത്ത് റോഡുകളും ബിഎം ആൻഡ് ബിസി നിലവാരമാക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
1228103
Friday, October 7, 2022 1:06 AM IST
പാലക്കാട് : 2025 അവസാനിക്കുന്പോഴേക്കും സംസ്ഥാനത്തെ 50 ശതമാനം പൊതുമരാമത്ത് റോഡുകളും ബിഎം ആൻഡ് ബിസി നിലവാരത്തിലാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ആറുകോടി ചെലവിൽ നവീകരിച്ച മന്പറം- തണ്ണീർപന്തൽ റോഡ്, നാല് കോടി ചെലവിൽ നവീകരിച്ച യാക്കര തിരുനെല്ലായി തങ്കം ഹോസ്പിറ്റൽ റോഡ് എന്നിവയുടെ പൂർത്തീകരണോദ്ഘാടനം തണ്ണീർപന്തൽ ജംഗ്ഷനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാതയുടെ 45 മീറ്റർ വികസനം 2025ഓടെ പൂർത്തീകരിക്കാനാകുമെന്ന് മന്ത്രി അറിയിച്ചു. ആലത്തൂർ, ചിറ്റൂർ താലൂക്കുകളെ ബന്ധിപ്പിക്കുന്നതിലും ഒ.വി. വിജയൻ സ്മാരകത്തിലേക്ക് എത്തുന്നതിനും നിർമാണം പൂർത്തീകരിച്ച റോഡുകളിലൂടെ എളുപ്പമാകും. ഗുണനിലവാരമുള്ള ബിഎം ആൻഡ് ബിസി റോഡുകളാണ് നിർമിച്ചിരിക്കുന്നത്. പൊതുമരാമത്തിനു കീഴിലുള്ള മുപ്പതിനായിരത്തോളം കിലോമീറ്ററോളം വരുന്ന മുഴുവൻ റോഡുകളും ബിഎം ആൻഡ് ബിസി ആക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു ധനവകുപ്പുമായി ചർച്ച നടന്നുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ഉൾപ്രദേശങ്ങളിലെ റോഡുകൾ പോലും ടാറിംഗ് പൂർത്തിയാക്കിയവയാണ്. 2.95 ലക്ഷം കിലോമീറ്റർ റോഡുകളാണ് ടാറിംഗ് പൂർത്തിയാക്കിയിരിക്കുന്നത്. ബാക്കി വരുന്ന നല്ലൊരു ശതമാനം തദ്ദേശസ്വയംഭരണം, ഫിഷറീസ്, ദേശീയപാത, മറ്റു വകുപ്പുകളുടെ കീഴിൽ ഉൾപ്പെടുന്നതാണ്. പാലക്കാട് നഗരവുമായി ബന്ധപ്പെട്ട റോഡുകളുടെ അപാകതകൾ പരിശോധിച്ചു മുന്നോട്ടു പോകാവുകയാണെന്നും വികസന കാര്യത്തിൽ രാഷ്ട്രീയ ഭേദമെന്യേ മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.