വയോജന ദിനം ആഘോഷമാക്കി തൃപ്പന്നൂർ എയുപി സ്കൂളിലെ വിദ്യാർത്ഥികൾ
1227106
Monday, October 3, 2022 12:22 AM IST
വടക്കഞ്ചേരി : പൂക്കളും സമ്മാനങ്ങളുമായി കുട്ടികൾ കാത്തുനിന്നു. പതിവില്ലാത്ത സ്വീകരണ ചടങ്ങ് കണ്ട് വിശിഷ്ടാഥികളായെത്തിയ മുത്തച്ഛൻമാർക്കും മുത്തശിമാർക്കും ആശ്ചര്യം. വയോജന ദിനത്തോടനുബന്ധിച്ച് തൃപ്പന്നൂർ എയുപി സ്കൂളിലെ കുട്ടികളാണ് നാട്ടിലെ പ്രായമായവർക്കെല്ലാം വിരുന്നൊരുക്കി ശ്രദ്ധേയരായത്.
പേരക്കുട്ടികളുടെ സഹായത്തോടെയാണ് പലരും സ്കൂളിലെത്തിയത്. വാർധക്യം ശാപമല്ല അനുഗ്രഹമാണ് എന്ന സന്ദേശം ഉയർത്തി സ്നേഹക്കൂട് എന്ന പേരിലായിരുന്നു വയോധികർക്കുള്ള ആദരം സംഘടിപ്പിച്ചത്. കുട്ടികൾ തയാറാക്കിയ ആശംസ കാർഡുകളും സമ്മാനങ്ങളും വയോജനങ്ങൾക്ക് സമ്മാനിച്ചു.
സംഗമത്തിലെ ഏറ്റവും കൂടുതൽ പ്രായക്കാരായ ചന്ദ്രൻ, കുട്ടപ്പൻ എന്നിവർ ചേർന്ന് കേക്ക് മുറിച്ചായിരുന്നു പരിപാടികൾക്ക് തുടക്കം കുറിച്ചത്.തങ്ങളുടെ ദുരിതപൂർണമായ ബാല്യകാല അനുഭവങ്ങൾ വയോധികർ പങ്കു വെച്ചപ്പോൾ പുതുതലമുറക്കത് കൗതുകമുള്ള പുതു അറിവുകളായി. ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിലെ ശലഭോദ്യാനത്തിൽ ഓർമ പൂമരം നട്ടു. തലമുറകളുടെ സംഗമം പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന കൗണ്‍സിലറും റിട്ടയേഡ് പ്രധാന അധ്യാപകനുമായ സി.എം. വർഗീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ ബിജു എം.എബ്രഹാം, എസ്ആർജി കണ്‍വീനർ ജോബി ജോണ്‍ എന്നിവർ പ്രസംഗിച്ചു.