വാൽപ്പാറയിൽ വീണ്ടും കാട്ടാനശല്യം; അപകടഭീതിയിൽ പ്രദേശവാസികൾ
1225779
Thursday, September 29, 2022 12:25 AM IST
കോയന്പത്തൂർ : വാൽപ്പാറയ്ക്ക് തൊട്ടടുത്തുള്ള പന്നിമേട് എസ്റ്റേറ്റ് മേഖലയിൽ 17 ആനകൾ ആശുപത്രിയും വീടും പലചരക്ക് കടകളും തകർത്ത സംഭവം പ്രദേശവാസികളെ ആശങ്കയിലാക്കി. വാൽപ്പാറ പരിസരത്തെ എസ്റ്റേറ്റ് മേഖലകളിൽ കാട്ടാനകളുടെ ശല്യം വർധിച്ചിരിക്കുകയാണ്. കാട്ടിൽ നിന്ന് ഭക്ഷണം തേടി ജനവാസ മേഖലയിലെത്തുന്ന കാട്ടാനകൾ വീടുകളും പലചരക്ക് കടകളും റേഷൻ കടകൾ നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ വാൽപ്പാറയ്ക്ക് സമീപം പന്നിമേട് എസ്റ്റേറ്റ് മേഖലയിൽ കാട്ടിൽ നിന്നിറങ്ങിയ 17 കാട്ടാനകൾ ജനവാസകേന്ദ്രത്തിൽ കയറി അമൽദാസിന്റെ പലചരക്ക് കടയുടെ ജനലും വാതിലും തകർത്തു.
ഇതിന് പിന്നാലെ ശരവണന്റെ വീടിന്റെ ജനൽ തകർത്ത് നശിപ്പിച്ച കാട്ടാനകൾ എസ്റ്റേറ്റ് ആശുപത്രിയുടെ ജനൽ ചില്ലും തകർത്തു. വിവരമറിഞ്ഞ് വനംവകുപ്പ് സ്ഥലത്തെത്തി ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ കാട്ടാനകളെ വനത്തിലേക്ക് വിട്ടു.