ജാതി വിവേചനം : സിബിഎസ്സി സിലബസിന്റെ കോപ്പി വലിച്ചുകീറി പ്രതിഷേധിച്ചു
1225096
Tuesday, September 27, 2022 12:10 AM IST
കോയന്പത്തൂർ : സിബിഎസ്ഇ സിലബസിൽ ജാതി വിവേചനം പഠിപ്പിക്കുന്നതിനെതിരെ തന്തൈ പെരിയാർ ദ്രാവിഡർ കഴകം കോയന്പത്തൂർ ജില്ലാ കളക്ടറുടെ ഓഫീസിന് മുന്നിൽ സിലബസിന്റെ കോപ്പി വലിച്ചുകീറി പ്രതിഷേധിച്ചു.
കേന്ദ്രസർക്കാരിന്റെ സിബിഎസ്ഇ പാഠ്യപദ്ധതിയിൽ വർണാശ്രമ രീതികൾ എന്ന വിഷയത്തിൽ ജാതിവ്യത്യാസങ്ങൾ പഠിപ്പിക്കുകയും വിഷയം ശൂദ്രർ, പഞ്ചമർ എന്നിങ്ങനെ വിഭജിക്കുകയും ചെയ്യുന്നതിനെതിരെയും എതിർപ്പ് ഉയർന്നിട്ടുണ്ട്.
ഈ സാഹചര്യത്തിൽ വിദ്യാർഥികൾക്കിടയിൽ ജാതി വിവേചനം പഠിപ്പിക്കുന്നതിനെ തന്തൈ പെരിയാർ ദ്രാവിഡ കഴകം അപലപിച്ചു ഇതിന് പിന്നാലെയാണ് ഇന്നലെ സിബിഎസ്ഇ സിലബസിൽ ജാതി വിവേചനം പഠിപ്പിക്കുന്നതിനെതിരെ തന്തൈ പെരിയാർ ദ്രാവിഡ കഴകം കോയന്പത്തൂർ ജില്ലാ കളക്ടറുടെ ഓഫീസിൽ വർണാസിരം ഉൾപ്പെടുത്തിയ സിലബസിന്റെ കോപ്പി വലിച്ചുകീറി പ്രതിഷേധിച്ചത്. ജാതി വ്യത്യാസങ്ങളെ ശൂദ്രരെന്നും പഞ്ചമറെന്നും തരംതാഴ്ത്തുന്ന കേന്ദ്രസർക്കാരിന്റെ സിബിഎസ്ഇ സിലബസിനെതിരെ പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി.
തുടർന്ന് ജില്ലാ കളക്ടറുടെ ഓഫീസിന് മുന്നിൽ സമരം ചെയ്ത 15 സംഘാടകരെ പോലീസ് അറസ്റ്റ് ചെയ്തു.
സിബിഎസ്ഇ സ്കൂളുകൾ വർണാശ്രമത്തിന്റെ പേരിൽ വിദ്യാർത്ഥികളെ ബ്രാഹ്മണരെന്നും ശൂദ്രരെന്നും തരംതിരിച്ച് ജാതീയത വളർത്തുകയാണ്.
കോയന്പത്തൂരിൽ വരുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ ഈ സിലബസ് എടുത്തുകളയാൻ ആദ്യം പ്രതിഷേധിക്കണം. കേന്ദ്രസർക്കാർ വിഷയം അടിയന്തരമായി നീക്കം ചെയ്യണമെന്നും വാർത്താസമ്മേളനത്തിൽ തന്തൈ പെരിയാർ ദ്രാവിഡർ കഴകത്തിന്റെ ജനറൽ സെക്രട്ടറി കു.രാമകൃഷ്ണൻ പറഞ്ഞു.