അറവുശാലയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ
1224100
Saturday, September 24, 2022 12:27 AM IST
ചിറ്റൂർ : ജൈവവള നിർമാണ യൂണിറ്റാണെന്ന മറവിൽ അറവു മാലിന്യ സംസ്കരണം കേന്ദ്രം നടത്തന്നതിൽ ദുർഗന്ധം വമിച്ച് പൊറുതിമുട്ടിയ സമീപവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി.
എരുത്തേന്പതി പഞ്ചായത്തിലെ വഴുക്കപ്പാറ, ചിന്നമൂലത്തറയിലാണ് സ്വകാര്യ കന്പനി പ്രവർത്തിക്കുന്നത്. സമീപത്തായി നൂറിലധികം കുടുംബങ്ങൾ താമസമുണ്ട്.
ചെറിയ രീതിയിൽ ഇറച്ചിക്കോഴി മാലിന്യം സംസ്കരിച്ച് ജൈവവളം നിർമിക്കുന്നതിനാണ് പഞ്ചായത്ത് അനുമതി നല്‍കിയിരിക്കുന്നത്.
ഈ അനുമതിയുടെ മറവിൽ പ്രതിദിനം ടണ്‍കണക്കിന് അറവു മാലിന്യമാണ് സംസ്കരിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. രാത്രി കാലങ്ങളിലാണ് സംസ്കരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.
ഇതോടെ ദുർഗന്ധം സമീപ പ്രദേശങ്ങളിലാകെ പടരും. പകൽ സമയത്തും ഏറെ നേരം ദുർഗന്ധം അന്തരീക്ഷത്തിൽ തങ്ങി നിൽക്കും.
രാത്രികാലങ്ങളിൽ കാറ്റ് വീശുന്ന ദിശയിലെ താമസക്കാർക്ക് ഉറങ്ങാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്.
സമീപ പ്രദേശത്ത് കൃഷി പണിക്കെത്തിയ വീട്ടമ്മമാർ ദുർഗന്ധം കാരണം ചർദിക്കുകയും ദേഹാസ്വസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നതായി നാട്ടുകാർ ആരോപിച്ചു.
ഇതോടെയാണ് പഞ്ചായത്ത്, പൊല്യൂഷൻ കണ്ട്രോൾ ബോർഡ്, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകിയതായും നാട്ടുകാർ വെളിപ്പെടുത്തി. ദുർഗന്ധം പരക്കാത്ത രീതിയിൽ പ്രവർത്തിച്ചില്ലെങ്കിൽ കന്പനിക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാൻ സമിതി രൂപീകരിച്ചിരിക്കുകയാണെന്ന് സമരസമിതി കണ്‍വീനർ കെ. മുരുകൻ കുട്ടി, ചെയർമാൻ പി. കുമാരസ്വാമി എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.