ശക്തമായ കാറ്റിൽ വ്യാപകനാശം
1436228
Monday, July 15, 2024 1:47 AM IST
മാള: വിവിധ മേഖലകളിൽ ശക്തമായ കാറ്റിൽ വ്യാപക കൃഷിനാശം.
പുത്തൻചിറ കോവിലകത്തുകുന്നിൽ മാനാത്ത് സിജിമോന്റെ 120ൽപരം വാഴകളും കളപ്പുരയ്ക്കൽ പ്രേമദാസിന്റെ പത്തോളം ജാതിമരങ്ങൾ, 30 വാഴകൾ, വൈപ്പൻക്കാട്ടിൽ ഔറംഗസീബിന്റെ അമ്പതോളം വാഴകൾ എന്നിവയാണ് ശക്തമായ കാറ്റിൽ നശിച്ചത്. ഓണത്തിനു വെട്ടാൻ പാകത്തിന് കുലച്ച വാഴകളാണ് നശിച്ചത്.
പിണ്ടാണിയിൽ നടുമുറി സരളയുടെ നെല്ലിമരം കടപുഴകി വൈദ്യുതി കമ്പിയിലേക്ക് മറിഞ്ഞുവീണു. പ്രശാന്തിനഗറിൽ മരംവീണ് വാഹനതടസമുണ്ടായി.
ചാലക്കുടി: വി.ആർ. പുരത്ത് ഇന്നലെ ഉച്ചയ്ക്കുണ്ടായ ശക്തമായ മഴയിലും കാറ്റിലും യാത്രക്കാർ ഇരിക്കുന്ന ഓട്ടോ ടാക്സിക്കു മുകളിൽ മരം ഒടിഞ്ഞുവീണു.
ഓട്ടോയിലുണ്ടായിരുന്ന വി.ആർ. പുരം സ്വദേശികളായ ദമ്പതികളെ വീടിനുമുന്നിൽ ഇറക്കാനായി ഗേറ്റിനു സമീപം ഓട്ടോ നിർത്തിയപ്പോഴാണ് വൈദ്യുതിലൈൻ അടക്കം ഓട്ടോറിക്ഷയുടെ മുകളിൽവീണത്. ഓട്ടോയ്ക്കു മുകളിലും ഗേറ്റിലും വീടിന്റെ സൺഷേഡിലും മരം തങ്ങിനിന്നതുമൂലം ഗേറ്റ് തുറക്കാനോ, വണ്ടി നീക്കാനോ കഴിയാതെ ഇവർ പ്രയാസപ്പെട്ടു. ഇലക്ട്രിക് കമ്പികളും മരത്തോടൊപ്പം താഴേക്ക് വിണെങ്കിലും ലൈൻ ഓഫായിരുന്നില്ല. വൈദ്യുതാഘാതമേൽക്കാതെ വളരെ പ്രയാസപ്പെട്ടാണ് ഗേറ്റ് തള്ളിത്തുറന്ന് വാഹനത്തിലുണ്ടായിരുന്ന ദമ്പതികൾ വീട്ടിലേക്കു കടന്നത്.
ഡ്രൈവർക്കും പുറത്തുകടക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടിവന്നു.
മരച്ചില്ലകൾക്കിടയിലൂടെ പുറത്തിറങ്ങുന്നതിനിടയിൽ ഷോക്കേൽക്കാതിരുന്നത് അദ്ഭുതമായി. പുറത്തിറങ്ങി വാർഡ് കൗൺസിലറെ വിളിച്ചറിയിക്കുകയും തുടർന്ന് കെഎസ്ഇബി ഓഫീസിൽ അറിയിച്ച് വൈദ്യുതിലൈൻ ഓഫ് ചെയ്യുകയുംചെയ്തു. നാട്ടുകാർചേർന്ന് മരം വെട്ടിമാറ്റിയാണ് വാഹനം നീക്കാനായത്.
കൊരട്ടി: ശക്തമായ കാറ്റിലും മഴയിലും കൊരട്ടി ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള പലയിടങ്ങളിലും മരംവീണ് വൈദ്യുതി ലൈനുകൾ പൊട്ടി വൈദ്യുതിബന്ധം താറുമാറായി.
ശനിയാഴ്ച രാത്രിയും ഇന്നലെയുംപെയ്ത മഴയിലും കാറ്റിലുമാണ് വ്യാപക നാശം സംഭവിച്ചിരിക്കുന്നത്. കോനൂർ സ്നേഹനഗറിലും പ്ലാവുമുറിയിലും ചിറങ്ങര ദാബകൾക്ക് പിന്നിലും മരംവീണ് മൂന്ന് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണു. തേക്ക് അടക്കമുള്ള മരങ്ങളും പാഴ് മരങ്ങളും കവുങ്ങും വീണ് കൊരട്ടിയുടെ കിഴക്കൻമേഖലകളിൽ മാത്രമായി 20 ഇടങ്ങളിൽ വൈദ്യുതി കമ്പികൾ പൊട്ടിവീണു.
നാലുക്കെട്ട്, കോനൂർ, സ്രാമ്പിക്കൽ, തിരുമുടിക്കുന്ന്, മംഗലശേരി എന്നിവിടങ്ങളിലാണ് മഴയും കാറ്റും നാശം വരുത്തിയിരിക്കുന്നത്. വൈദ്യുതി വിതരണം തടസപ്പെട്ട മേഖലകളിൽ പുനഃസ്ഥാപിക്കാനുള്ള പരിശ്രമത്തിലാണ് കെഎസ്ഇബി ജീവനക്കാർ. ഞായറാഴ്ച ജീവനക്കാരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും രാത്രി വൈകിയും പ്രവർത്തനം തുടരുകയാണ്.