കൗണ്‍സിലിനെ നോക്കുകുത്തിയാക്കി സമർപ്പിച്ച പദ്ധതി : ഡിപിസി മാറ്റിവച്ചു
1481010
Friday, November 22, 2024 4:31 AM IST
തൊടുപുഴ: നഗരസഭാ കൗണ്‍സിൽ തീരുമാനം മറികടന്ന് ചെയർപേഴ്സണ്‍ ഡിപിസിക്ക് സമർപ്പിച്ച പദ്ധതി കൗണ്‍സിലർമാരുടെ പരാതിയെത്തുടർന്ന് ജില്ലാ പ്ലാനിംഗ് കമ്മിറ്റി അംഗീകാരം നൽകാതെ മാറ്റിവച്ചു.
കഴിഞ്ഞ 11നു ചേർന്ന നഗരസഭാ കൗണ്‍സിൽ യോഗത്തിന്റെ നാലാം നന്പർ അജൻഡയായ വാർഷികപദ്ധതി ഭേദഗതിയിൽ കൗണ്‍സിൽ തീരുമാനിച്ച ചില പദ്ധതികൾ ഒഴിവാക്കിയും കൗണ്‍സിൽ തീരുമാനിക്കാത്ത പദ്ധതികൾ ഉൾപ്പെടുത്തിയുമാണ് ചെയർപേഴ്സണ്‍ ഡിപിസിക്ക് സമർപ്പിച്ചത്.
നഗരസഭയിൽ സ്വന്തമായി കെട്ടിടമില്ലാത്ത 30, 33 വാർഡുകളിലെ അങ്കണവാടികളുടെ നിർമാണത്തിന് പത്തുലക്ഷം രൂപ വീതം വകയിരുത്താനും ഇത് ബഹുവർഷ പദ്ധതിയാക്കുന്നതിനുമുള്ള കൗണ്‍സിൽ തീരുമാനം മിനിറ്റ്സിൽ ഉൾപ്പെടുത്താതെ ഒഴിവാക്കി.
396-ാം നന്പർ പ്രോജക്ടായ നഗരസഭാ ഹാപ്പിനസ് പാർക്ക് പദ്ധതി നഗരസഭയിലെ മുഴുവൻ ജനങ്ങൾക്കും പ്രയോജനപ്പെടുന്നതായിട്ടും ഇതിനായി വകയിരുത്തിയിരുന്ന നാലു ലക്ഷം രൂപ ചെയർപേഴ്സണ്‍ സ്വന്തം വാർഡിലെ പ്രവർത്തനങ്ങൾക്ക് കൗണ്‍സിൽ അനുമതി ഇല്ലാതെ വകമാറ്റിയെന്നു പരാതിയിൽ ചൂണ്ടിക്കാട്ടി.
വെങ്ങല്ലൂരിൽ നഗരസഭാ വക സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്സ് നിർമിക്കുന്നതിനു വകയിരുത്തിയിരുന്ന തുകയും കൗണ്‍സിൽ അനുമതി ഇല്ലാതെ മാറ്റിയിരുന്നു.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് ചെയർപേഴ്സണും നഗരസഭാ സെക്രട്ടറിക്കും പരാതി നൽകിയെങ്കിലും അത് മുഖവിലയ്ക്കെടുക്കാതെ പദ്ധതി തീരുമാനങ്ങൾ ഡിപിസിക്ക് അയയ്ക്കാൻ ചെയർപേഴ്സണ്‍ പ്ലാനിംഗ് വിഭാഗത്തിന് നിർദേശം നൽകുകയാണ് ചെയ്തത്.
ഇതു ചൂണ്ടിക്കാട്ടിയാണ് നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ദീപക്, മുനിസിപ്പൽ കൗണ്‍സിലർമാരായ ആർ.ഹരി, സനീഷ് ജോർജ്, ജോസഫ് ജോണ്‍, ഷീജ ഷാഹുൽ ഹമീദ്, സനുകൃഷ്ണൻ, നീനു പ്രശാന്ത്, നിസ സക്കീർ, രാജി അജേഷ്, ജോർജ് ജോണ്‍ എന്നിവർ ജില്ലാ കളക്ടർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പ്ലാനിംഗ് ഓഫീസർ എന്നിവർക്ക് പരാതി നൽകിയത്.
ഇതേത്തുടർന്ന് ഇന്നലെ ചേർന്ന പ്ലാനിംഗ് കമ്മിറ്റി പദ്ധതി അന്വേഷണവിധേയമാക്കാൻ തീരുമാനിച്ചു. നഗരസഭാ കൗണ്‍സിലിന്റെ തീരുമാനം അട്ടിമറിക്കാൻ ചെയർപേഴ്സണ്‍ നടത്തിയ ശ്രമം ജനാധിപത്യവിരുദ്ധമാണെന്ന് കൗണ്‍സിലർമാർ പറഞ്ഞു.