ജില്ലയിൽ ആറ് പുതിയ ഡേ ബോർഡിംഗ് സെന്ററുകൾ
1480988
Friday, November 22, 2024 4:20 AM IST
ചെറുതോണി: ജില്ലയിലെ കായിക വികസനത്തിന് കരുത്ത് പകരാൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ ജില്ലയിൽ ആറ് പുതിയ ഡേ ബോർഡിംഗ് സെന്ററുകൾ അനുവദിച്ചു. ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ശ്രമഫലമായാണ് സെന്ററുകൾ അനുവദിച്ചത്.
ഹൈറേഞ്ച് സ്പോർട്സ് അക്കാഡമി പെരുവന്താനം, കാൽവരി ഹൈസ്കൂൾ കാൽവരിമൗണ്ട്, സെന്റ് ജോർജ് ഹൈസ്കൂൾ വാഴത്തോപ്പ്, എസ്എൻവിഎച്ച് എസ് എൻആർ സിറ്റി, മൂന്നാർ ഗവൺമെന്റ് ഹൈസ്കൂൾ (എച്ച്എടിസി മൂന്നാർ), മൂലമറ്റം ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിലാണ് ഡേ ബോർഡിംഗ് സെന്ററുകൾ അനുവദിച്ചത്.
കായികമികവുള്ള 25 മുതൽ 30 വരെ കുട്ടികളെ പ്രവേശിപ്പിച്ച് ഡിസംബർ ഒന്നു മുതൽ സെന്ററിന്റെ പ്രവർത്തനം ആരംഭിക്കും. നിലവിൽ അതത് സ്കൂളുകളിലെ കായികാധ്യാപകർ കുട്ടികളെ പരിശീലിപ്പിക്കും. പിന്നീട് സർക്കാർ സംസ്ഥാന സ്പോർട്സ് കൗൺസിൽ മുഖേന പരിശീലകരെ നിയോഗിക്കും.
ഡേ ബോർഡിംഗ് സ്കീമിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന മുഴുവൻ കുട്ടികൾക്കും പരിശീലന ശേഷം പാൽ, മുട്ട, പഴം എന്നിങ്ങനെ പ്രതിദിനം പോഷകാഹാരം നൽകുമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ അറിയിച്ചു.