ചിന്നക്കനാൽ ഭൂമി വിവാദം: രണ്ട് റവന്യു ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി
1480985
Friday, November 22, 2024 4:20 AM IST
തൊടുപുഴ: മാത്യു കുഴൽനാടൻ എംഎൽഎയുടെ ചിന്നക്കനാലിലെ ഭൂമി പോക്കുവരവ് ചെയ്തതുമായി ബന്ധപ്പെട്ട ആരോപണത്തിൽ രണ്ട് റവന്യു ഉദ്യോഗസ്ഥർക്കെതിരേ നടപടി. മിച്ചഭൂമി പോക്കുവരവ് ചെയ്ത കേസിൽ ഉടുന്പൻചോല തഹസിൽദാർ എ.വി.ജോസ്, പള്ളിവാസൽ വില്ലേജ് ഓഫീസർ സുനിൽ കെ.പോൾ എന്നിവരെ ജില്ലയ്ക്ക് പുറത്തേക്ക് സ്ഥലംമാറ്റി.
ഇവരെ ജില്ലയിലോ സമീപ ജില്ലകളിലൊ നിയമിക്കാതെ അപ്രധാനമായ തസ്തികയിൽ നിയമനം നൽകണമെന്ന വിജിലൻസ് ഡയറക്ടറുടെ ശിപാർശപ്രകാരം നേരത്തേ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഇതേത്തുടർന്ന് എ.വി. ജോസിനെ ആലപ്പുഴ ജില്ലയിലേക്കും സുനിൽ കെ.പോളിനെ വയനാട്ടിലേക്കുമാണ് സ്ഥലം മാറ്റിയത്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിന്നക്കനാൽ ഭൂമി ഇടപാട് കേസിൽ വിജിലൻസ് നേരത്തേഎഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.