ജീപ്പുകളുടെ അമിതവേഗം: മറയൂരിൽ അപകടം പതിവാകുന്നു
1480990
Friday, November 22, 2024 4:20 AM IST
മറയൂർ: സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ച വാഹനത്തെ ഇടിച്ച ശേഷം കമാൻഡർ ജീപ്പ് നിർത്താതെ പോയതായി പരാതി. മക്കളെ സ്കൂളിൽ വിടാൻ പോയ ബാബുനഗർ സ്വദേശി എൻ. ജനാർദനന്റെ കാറിലാണ് വിനോദ സഞ്ചാരികളുമായി പോയ സഫാരി ജീപ്പ് (കെ.എൽ.19 - എ . 4508) ഇടിച്ചതിനുശേഷം നിർത്താതെ പോയത്. കാറിൽ ജനാർദനന്റെ പതിനൊന്നും ഒമ്പതും വയസുള്ള കുട്ടികൾ ഉണ്ടായിരുന്നു.
വ്യാഴാഴ്ച രാവിലെ 9.15 നാണ് സംഭവം. ജനാർദനൻ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനായി കാറിൽ സഹായഗിരിക്ക് സമീപം എത്തിയപ്പോഴാണ് അപകടം. കാർ ജീപ്പിനു പിറകിലായാണ് സഞ്ചരിച്ചിരുന്നത്. ഈ സമയം ആംബുലൻസ് വന്നതിനെത്തുടർന്ന് പെട്ടെന്ന് ഇരു വാഹനങ്ങളും നിർത്തിയപ്പോൾ കാർ ജീപ്പിന്റെ പിൻഭാഗത്തെ നമ്പർ പ്ലേറ്റിൽ ഉരസി. ഇതിൽ പ്രകോപിതനായി രണ്ടുതവണ ജീപ്പ് പിറകിലേക്ക് എടുത്ത് കാറിന്റെ ബമ്പറിൽ ഇടിപ്പിക്കുകയായിരുന്നുവെന്ന് ജനാർദനൻ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് ജനാർദനൻ മറയൂർ പോലീസിൽ പരാതി നൽകി. ഇടിയുടെ ആഘാതത്തിൽ കുട്ടികൾക്ക് രണ്ടുപേർക്കും തലയ്ക്കും കാലിനും പരിക്കേറ്റു . ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായ സഫാരി ജീപ്പുകൾ നിയന്ത്രണമില്ലാതെ ചീറിപ്പായുന്നത് അപകടം സൃഷ്ടിക്കുന്നെന്നും ഇവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
കഴിഞ്ഞ മേയിൽ മറയൂരിൽ ജീപ്പ് സവാരി കഴിഞ്ഞ് സുഹൃത്തുക്കളുമായി പോയ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ മേലാടി സ്വദേശി നന്ദു എന്ന് വിളിക്കുന്ന നാഗമണികണ്ഠൻ മരിച്ചതിനെത്തുടർന്ന് മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കിയിരുന്നു. ഇപ്പോൾ പരിശോധന നിലച്ച മട്ടാണ്. ഇതാണ് അപകടം വർധിപ്പിക്കുന്നതെന്നു നാട്ടുകാർ ആരോപിച്ചു.