തഴച്ചുവളർന്ന് ലഹരിമാഫിയ : കണ്ണികളായി പെണ്കുട്ടികളും
1480982
Friday, November 22, 2024 4:20 AM IST
തൊടുപുഴ: തൊടുപുഴയിലും പരിസര പ്രദേശങ്ങളിലും ലഹരിമാഫിയാ സംഘങ്ങൾ വീണ്ടും പിടിമുറുക്കുന്നു. സ്കൂൾ, കോളജ് വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് ലഹരി മാഫിയ സംഘങ്ങൾ നഗരത്തിലും പരിസര പ്രദേശങ്ങളിലും കറങ്ങുന്നത്.
ലഹരിസംഘങ്ങളെ കുടുക്കാൻ എക്സൈസും പോലീസും ഡാൻസാഫ് ടീമും കഠിനശ്രമം നടത്തുന്നതിനിടയിലും ലഹരിവ്യാപാരം നഗരത്തിൽ തഴച്ചുവളരുകയാണ്. കഞ്ചാവും എംഡിഎംഎയും ഉൾപ്പെടെ ദിനംപ്രതി പിടികൂടുന്നുണ്ടെങ്കിലും ഇവയുടെ വ്യാപാരം തഴച്ചുവളരുകയാണ്.
ഇന്നലെ 34 ഗ്രാം കഞ്ചാവുമായി പോലീസ് പിടികൂടിയ റെസിൻ ഫാമിൻ സുൽത്താൻ സഹകരണ സ്ഥാപനത്തിൽ ജോലി ചെയ്യുന്നയാളാണ്. രാഷ്ട്രീയനേതാവിന്റെ അടുത്ത ബന്ധുവുമാണ് ഇയാൾ. കൂടുതൽ പണമുണ്ടാക്കാനാണ് മയക്കുമരുന്നു കച്ചവടത്തിലേക്ക് തിരിഞ്ഞത്.
ചൊവ്വാഴ്ച രാവിലെ 40 കിലോ കഞ്ചാവുമായി തൊടുപുഴ പെരുന്പിള്ളിച്ചിറ കൊച്ചുപറന്പിൽ നൗഫൽ (25), ചൂരവേലിൽ റിൻസാദ് (29) എന്നിവരെ തൊടുപുഴ പോലീസ് പിടികൂടിയിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെടുകയും ചെയ്തു.
കഴിഞ്ഞ ശനിയാഴ്ച സിനിമ, ബിഗ് ബോസ് താരമായ കുന്നത്തുനാട് കണ്ണങ്കര പള്ളിക്കൂടത്തുങ്കൽ പരീക്കുട്ടി എന്നു വിളിക്കുന്ന പി.എസ്. ഫരീദുദീൻ (31), വടകര കാവിലുംപാറ പൊയിലക്കരയിൽ പെരുമാലിൽ ജിസ്മോൻ ദേവസ്യ (24) എന്നിവരെ എംഡിഎംഎയും കഞ്ചാവുമായി വാഹനപരിശോധനയ്ക്കിടെ മൂലമറ്റം എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു.
ഏതാനും മാസം മുന്പ് പെരുന്പിള്ളിച്ചിറ കറുക ഭാഗങ്ങളിൽ വീടും അപ്പാർട്ടുമെന്റും മറ്റും വിദ്യാർഥികൾക്ക് വാടകയ്ക്കു നൽകുന്ന കൈതക്കോട് സ്വദേശി എംഡിഎംഎയുമായി പിടിയിലായിരുന്നു.
ഇതിനു മുന്പ് കാപ്പക്കേസിലെ പ്രതിയായ പാലാ സ്വദേശിയും തൊടുപുഴയിൽ കഞ്ചാവുമായി പിടിയിലായിരുന്നു. ലഹരി കൈമാറ്റം നടത്തുന്നതറിഞ്ഞെത്തിയ പോലീസ് സംഘത്തിനു നേരെ മുളകു സ്പ്രേ പ്രയോഗിച്ച് പ്രതികൾ രക്ഷപ്പെട്ട സംഭവവുമുണ്ടായി.
പിടിയിലാകുന്നത് കച്ചവടക്കാർ
ലഹരിക്കേസുകളിൽ പിടിക്കപ്പെടുന്നത് ചെറുമീനുകളാണെന്നും ഇവരെ നിയന്ത്രിക്കുന്ന വന്പൻ സ്രാവുകൾ വലയിൽ വീഴുന്നില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഇന്നലെ എംഡിഎംഎയുമായി പോലീസ് പിടിയിലായ പ്രതിക്ക് എറണാകുളത്തുനിന്നാണ് മയക്കുമരുന്ന് ലഭിച്ചത്. വിദേശത്തുള്ള സുഹൃത്തു മുഖേനയാണ് മയക്കുമരുന്ന് ലഭിച്ചതെന്ന് ഇയാൾ മൊഴി നൽകി.
വിദേശത്തിരുന്ന് ലഹരിക്കച്ചവടം നിയന്ത്രിക്കുന്ന വണ്ണപ്പുറം സ്വദേശിയായ ഇയാളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ കേരളത്തിനകത്തും പുറത്തുനിന്നുമുള്ള ലഹരി മാഫിയയാണ് തൊടുപുഴ മേഖലയിലെ മയക്കുമരുന്ന് വ്യാപാരം നിയന്ത്രിക്കുന്നത്. കഴിഞ്ഞദിവസം പിടികൂടിയ കഞ്ചാവ് ഒഡീഷയിൽനിന്നു കൊച്ചിയിലെത്തിച്ച് അവിടെനിന്നാണ് പിടിയിലായ പ്രതികളുടെ കൈകളിലെത്തിയത്.
പണത്തോടുള്ള ആർത്തി
കുറഞ്ഞ അളവിൽപ്പോലും വലിയ വില ലഭിക്കുന്നതും കടത്താൻ എളുപ്പവും ധനസന്പാദനത്തിനുള്ള മാർഗവും എന്ന നിലയ്ക്കാണ് പെണ്കുട്ടികൾ ഉൾപ്പെടെയുള്ളവർ എംഡിഎംഎ പോലെയുള്ള ലഹരിക്കടത്തിലേക്ക് കടക്കുന്നത്.
കഞ്ചാവ് പോലുള്ള നാച്വറൽ ലഹരികളിൽനിന്ന് മാറി സിന്തറ്റിക് ലഹരിയുടെ ഉപയോഗം കൂടിയിട്ടുള്ളതായും എംഡിഎംഎയും എൽഎസ്ഡി സ്റ്റാന്പ് പോലുള്ള സിന്തറ്റിക് ലഹരികളാണ് വിൽപ്പനയ്ക്കെത്തുന്നതതെന്നും പറയുന്നു.
ഇവയ്ക്ക് വില കൂടുതലാണെങ്കിലും സൂക്ഷിക്കാനും ഉപയോഗിക്കാനും എളുപ്പമാണെന്നതും മണിക്കൂറുളോളം ലഹരി നിൽക്കുമെന്നതുമാണ് ലഹരി ഉപയോക്താക്കളെ ഇതിലേക്ക് ആകർഷിക്കുന്ന ഘടകം.
ന്യൂജൻ ലഹരികൾക്ക് പ്രത്യേകിച്ച് മണമോ മറ്റോ ഇല്ലാത്തതിനാൽ ഇത് ഉപയോഗിച്ചത് തിരിച്ചറിയാനും പലപ്പോഴും കഴിയാറില്ല. ഉപയോഗിക്കുന്നവർ വളരെ പെട്ടെന്ന് ഇതിന് അടിമപ്പെടുകയും ചെയ്യും. എന്നാൽ എംഡിഎംഎയിലും ഇപ്പോൾ മായം കലരുന്നതിനാൽ ഹാഷിഷ് ഓയിലിലേക്കും മറ്റും ലഹരിസംഘങ്ങൾ ചുവടു മാറ്റുന്നതായും ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.