ജപ്തി നടപടികൾ നിർത്തണം: കേരള കോണ്ഗ്രസ്-എം
1481008
Friday, November 22, 2024 4:30 AM IST
തൊടുപുഴ: ബാങ്കുകൾ ആരംഭിച്ചിരിക്കുന്ന ജപ്തി നടപടികൾ നിർത്തിവയ്ക്കണമെന്ന് കേരള കോണ്ഗ്രസ് -എം തൊടുപുഴ നിയോജകമണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു.
നവംബർ, ഡിസംബർ മാസങ്ങളിൽ സർഫാസി ആക്ടും ഇതര നിയമങ്ങളും സഹകരണനിയമങ്ങളും പ്രയോഗിച്ചു ജപ്തി നടപടികൾ നടത്തുമെന്നു സൂചിപ്പിച്ചു ബാങ്കുകൾ നൂറുകണക്കിനു കർഷകർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
ജപ്തിനടപടികൾ നിർത്തിവയ്ക്കാനും പിഴപ്പലിശയും മറ്റു പിഴകളും ഒഴിവാക്കി വായ്പ തിരിച്ചടവിനു സാവകാശവും പരമാവധി തവണകളും അനുവദിച്ചു നിലവിലെ വായ്പകൾ പലിശരഹിത ദീർഘകാല വായ്പകളായി പുനഃക്രമീകരിച്ചു നൽകാനും സർക്കാർ ഓർഡിനൻസ് ഇറക്കാൻ തയാറാകണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ചു മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ തീരുമാനിച്ചു. കാർഷികമേഖലയിലെ വിളത്തകർച്ചയും വിലത്തകർച്ചയും കർഷകരെ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കാർഷിക വായ്പകൾ എടുത്തിട്ടുള്ള കർഷകർ ഭീതിയിലാണ്.
ജപ്തി നടത്താൻ ബാങ്കുകൾ ചുമതലപ്പെടുത്തിയിരിക്കുന്ന ഏജൻസികൾ കടക്കെണിയിലായ കർഷകരെ ഭീഷണിപ്പെടുത്തുന്നത് ചെറുക്കുമെന്നും കമ്മിറ്റി മുന്നറിയിപ്പു നൽകി.
നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അധ്യക്ഷത വഹിച്ചു.