കാഴ്ചപരിമിതർക്കായി സാക്ഷരതാപഠനം
1480983
Friday, November 22, 2024 4:20 AM IST
തൊടുപുഴ: കാഴ്ചപരിമിതി നേരിടുന്നവർക്കായി ജില്ലയിൽ ബ്രെയിൽ സാക്ഷരതാ പദ്ധതി ആരംഭിക്കുന്നു. പഠനക്ലാസുകൾ ഉടൻ തുടങ്ങും. ജില്ലയിൽ കാഴ്ച പരിമിതി നേരിടുന്നവരെ കണ്ടെത്തി അടിസ്ഥാനവിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് അധ്യാപക ഫോറവുമായി ചേർന്ന് സംസ്ഥാന സാക്ഷരതാ മിഷൻ അഥോറിറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. നാലു മാസമാണ് പദ്ധതി കാലാവധി.
നിരക്ഷരരായ കാഴ്ച വെല്ലുവിളി നേരിടുന്നവർക്ക് ബ്രെയിൽ ലിപിയിൽ അടിസ്ഥാന വിദ്യാഭ്യാസം നല്കുക, ഇവരുടെ ആത്മവിശ്വാസം വർധിപ്പിക്കുക, ഒറ്റപ്പെട്ടു നിൽക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുക, കലാപരമായ കഴിവുകളെ വികസിപ്പിക്കാൻ അവസരമൊരുക്കുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ.
പഠനസാമഗ്രികൾ സംസ്ഥാന സാക്ഷരതാ മിഷൻ നല്കും. ക്ലാസിൽ പങ്കെടുക്കുന്ന പഠിതാക്കൾക്കുള്ള ഭക്ഷണച്ചെലവ് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നല്കും. സർവേയിലൂടെ കണ്ടെത്തിയ പഠിതാക്കൾക്ക് ബ്രെയിൽ ലിപിയിൽ 160 മണിക്കൂർ ക്ലാസ് നല്കും. ഇതിനായി ബ്രെയിൽ ലിപിയിൽ പ്രാവീണ്യവും പത്താം ക്ലാസ് യോഗ്യതയുള്ള ഇൻസ്ട്രക്ടർമാരെയാണ് നിയോഗിച്ചിരിക്കുന്നത്.
15 മുതൽ 20 വരെ പഠിതാക്കൾക്ക് ഒന്ന് എന്ന നിലയിലാണ് ക്ലാസുകൾ സജ്ജമാക്കുന്നത്. തൊടുപുഴ, ഇളംദേശം ബ്ലോക്കുകളിലെയും തൊടുപുഴ നഗരസഭാ പരിധിയിലെയും പഠിതാക്കൾക്ക് ക്ലാസ് സജ്ജമാക്കും. 31 പേരാണ് പഠിതാക്കളായിട്ടുള്ളത്. പഠിതാക്കളെ കണ്ടെത്താനായി നേരത്തേ നടത്തിയ സർവേയിൽ 288 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്.
സർവേയിൽ ഉൾപ്പെട്ടവരിൽ ബ്രെയിൽ ലിപിയിൽ സാക്ഷരതാ പഠനം ആഗ്രഹിക്കുന്ന ജില്ലയുടെ മറ്റു ബ്ലോക്കുകളിലെ പഠിതാക്കൾക്കും ഉടൻ ക്ലാസുകൾ തുടങ്ങും. ബ്രെയിൽ ലിപിയിൽ സാക്ഷരതാ പഠനം ആഗ്രഹിക്കുന്നവർ ജില്ലാ പഞ്ചായത്തിലെ സാക്ഷരതാമിഷൻ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്: 0486223 2294
പദ്ധതി ഉദ്ഘാടനം നാളെ
കാഴ്ചപരിമിതിയുള്ളവർക്കായുള്ള ബ്രെയിൽ സാക്ഷരതാ പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 11ന് കുടയത്തൂർ എൽബിഎംഎം സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു നിർവഹിക്കും. കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. ഷിയാസ് അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി മുഖ്യപ്രഭാഷണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്തംഗം വി.എൻ. മോഹനൻ പഠനോപകരണം വിതരണം ചെയ്യും.
ജില്ലാ പഞ്ചായത്ത് മെംബർ പ്രഫ. എം. ജെ. ജേക്കബ്, സാക്ഷരതാമിഷൻ ഡയറക്ടർ പ്രഫ. എ.ജി. ഒലീന, ജില്ലാ കോ-ഓർഡിനേറ്റർ പി.എം.അബ്ദുൾ കരീം, സെക്രട്ടറി പി.കെ.സജീവ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി.എസ്.വിനോദ് തുടങ്ങിയവർ പ്രസംഗിക്കും.