റെയില്‍വേയുടെ അധീനതയിലുള്ള റോഡുകള്‍ക്ക് അവഗണന : ചിറവംമുട്ടം റെയില്‍വേ മേൽപാലം റോഡ് തകര്‍ന്നു
1579514
Monday, July 28, 2025 7:38 AM IST
ചങ്ങനാശേരി: തുരുത്തി-പ്ലാമൂട്-മലകുന്നം റോഡിലെ ചിറവംമുട്ടം റെയില്‍വേ ഓവര്‍ ബ്രിഡ്ജിന്റെ അപ്രോച്ച് റോഡ് തകര്‍ന്നിട്ട് നാളുകളായി. ഈ റോഡിലൂടെ വളരെ ബുദ്ധിമുട്ടിയാണ് നാട്ടുകാര്‍ യാത്ര ചെയ്യുന്നത്. ഇന്ത്യന്‍ റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള റോഡായതിനാല്‍ ത്രിതല പഞ്ചായത്ത് സംവിധാനങ്ങള്‍ക്ക് അറ്റകുറ്റപ്പണികള്‍ നടത്താനുമാകില്ല.
കുറിച്ചി, വാഴപ്പള്ളി പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന റോഡാണിത്. ഇത്തിത്താനം ഹയര്‍ സെക്കന്‍ഡറി, മലകുന്നം ഗവൺമെന്റ് എല്‍പി സ്കൂൾ, ഇളങ്കാവ് വിദ്യാമന്ദിര്‍, ഇളങ്കാവ് ദേവീക്ഷേത്രം, പൊടിപ്പാറ തിരുക്കുടുംബ ദേവാലയം, ഇത്തിത്താനം സര്‍വീസ് സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളിലേക്കും ആരാധനാലയങ്ങളിലേക്കും ചങ്ങനാശേരി, തുരുത്തി, കുറിച്ചി ഭാഗങ്ങളില്‍ നിന്നെത്തിച്ചേരാൻ ആശ്രയിക്കാവുന്ന ഏക റോഡാണിത്.
കൊടിക്കുന്നില്‍ സുരേഷ് എംപി വിഷയം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തി അടിയന്തരമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ചങ്ങനാശേരി, ഫാത്തിമാപുരം മേല്‍പ്പാലങ്ങളുടെ അപ്രോച്ച് റോഡുകളും തകര്‍ച്ചയില്‍
ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനു സമീപമുള്ള മേല്‍പ്പാലം, ഫാത്തിമാപുരം മേല്‍പ്പാലം എന്നിവയും ചങ്ങനാശേരി റെയില്‍വേ ഗുഡ്ഷെഡ് റോഡും തകര്‍ന്ന നിലയിലാണ്. ഗുഡ്സ്ഷെഡ് റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്ക് 58 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെങ്കിലും നിര്‍മാണനടപടികള്‍ വൈകുന്നതുമൂലം വാഹനസഞ്ചാരം ദുരിതത്തിലാണ്.