വാഴൂരിൽ രണ്ട് വീടുകളിൽനിന്ന് ഏഴു പവൻ സ്വർണം മോഷ്ടിച്ചു
1579789
Tuesday, July 29, 2025 11:45 PM IST
വാഴൂർ ഈസ്റ്റ്: ചെങ്കൽ പള്ളി ജംഗ്ഷനിൽ രണ്ടു വീടുകളിൽനിന്നായി ഏഴ് പവന്റെ സ്വർണാഭരണങ്ങൾ മോഷ്ടാക്കൾ കവർന്നു. മണിയൻചിറ തോമസുകുട്ടി, മഞ്ചികപ്പള്ളിൽ സോമി എന്നിവരുടെ വീടുകളിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്.
തോമസുകുട്ടിയുടെ വീട്ടിൽനിന്നു മൂന്നു പവനും സോമിയുടെ വീട്ടിൽനിന്നു നാലു പവനുമാണ് മോഷണം പോയത്. മോഷ്ടാക്കൾ രണ്ടു പേർ ഉണ്ടായിരുന്നതായും ഇവർ കാറിൽ കയറിയാണ് രക്ഷപ്പെട്ടതെന്നും വീട്ടുകാർ പറഞ്ഞു. മണിമല പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി
മഞ്ചികപ്പള്ളി സോമിയുടെ ഭാര്യ ജോസ്മിയുടെ അലമാരയിലിരുന്ന മൂന്നര പവന്റെ സ്വർണമാല, അര പവന്റെ മോതിരം എന്നിവയാണ് മോഷണം പോയത്. വീടിന്റെ രണ്ടാം നിലയുടെ പണികൾ നടന്നുവരികയായിരുന്നു. ഇതു വഴിയാണ് മോഷ്ടാക്കൾ അകത്തു കടന്നത്.
കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന തോമസുകുട്ടിയുടെ ഭാര്യ ജാൻസിയുടെ കാലിൽക്കിടന്ന രണ്ടു പവന്റെ സ്വർണ കൊലുസ് മോഷ്ടാക്കൾ ഊരിയെടുത്തു. പിന്നീട് ബാഗിൽനിന്ന് പഴ്സെടുത്ത് അതിലിരുന്ന താക്കോൽ കൈവശപ്പെടുത്തി അലമാര തുറന്ന് ഒരു പവന്റെ ആഭരണങ്ങളും കൈക്കലാക്കി. ഇതിനിടയിൽ അലമാരയിൽനിന്നു സാധനങ്ങൾ താഴെവീണ ഒച്ച കേട്ട് വീട്ടുകാർ ഉണർന്നതിനെത്തുടർന്ന് മോഷ്ടാക്കൾ കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. അടുക്കള ഭാഗത്തെ ജനൽ തുറന്ന് അതുവഴി അടുക്കളയുടെ വാതിലിന്റെ കുറ്റിയെടുത്താണ് മോഷ്ടാക്കൾ അകത്തു കടന്നത്.