മണ്ണ് മാറ്റുന്നതിനിടെ മരം കടപുഴകി വീണത് റോഡില്‍; ഒഴിവായതു വലിയ ദുരന്തം
1579784
Tuesday, July 29, 2025 11:45 PM IST
പാലാ: ആര്‍വി പാര്‍ക്കില്‍നിന്നു റിവര്‍വ്യൂ റോഡിലേക്കു വലിയ മരം പതിച്ച് കാറിന് നാശനഷ്ടമുണ്ടായി. ആര്‍വി പാര്‍ക്കില്‍ മണ്ണ് മാറ്റുന്നതിനിടെയാണ് മരം കടപുഴകി വീണത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആ സമയം വഴിയില്‍ കാല്നടയാത്രികരായി ഉണ്ടായിരുന്നു. ഇവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. മരം വീണ സമയം റോഡില്‍ക്കൂടി പോയ കാറിന് നാശനഷ്ടങ്ങളുണ്ടായെങ്കിലും കാര്‍ യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു.
ഇവിടെ ജെസിബി ഉപയോഗിച്ചാണ് മണ്ണ് മാറ്റിക്കൊണ്ടിരുന്നത്. റിവര്‍വ്യൂ റോഡിനും ആര്‍വി പാര്‍ക്കിനും ഇടയിലുളള സംരക്ഷണഭിത്തി പുനര്‍ നിര്‍മിക്കുന്നതിനാണ് നിര്‍മാണ പ്രവര്‍ത്തനം നടന്നുകൊണ്ടിരുന്നത്. ഇവിടെ യാതൊരു സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നില്ല. ജെസിബി ഓപ്പറേറ്ററുടെ അശ്രദ്ധ മൂലമാണ് മരം വീണതെന്നും ആക്ഷേപമുണ്ട്.
ഇന്നലെ ഉച്ചകഴിഞ്ഞ് 1.40ഓടെയായിരുന്നു സംഭവം. മരം വീണതിനെത്തുടര്‍ന്ന് ഏറെ നേരം ഗതാഗതവും തടസപ്പെട്ടു. പാലാ പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി.