കാട്ടാന ആക്രമണം: വനംവകുപ്പിനെതിരേ പ്രതിഷേധമിരന്പി
1579787
Tuesday, July 29, 2025 11:45 PM IST
കോൺഗ്രസ് ദേശീയപാത ഉപരോധിച്ചു
മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം പഞ്ചായത്തിലെ മതമ്പയിൽ ടാപ്പിംഗ് തൊഴിലാളിയെ കാട്ടാന ആക്രമിച്ചു കൊന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പെരുവന്താനം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചു. കഴിഞ്ഞ അഞ്ചുമാസത്തിനിടെ കാട്ടാന ആക്രമണത്തിൽ രണ്ടു ജീവനുകളാണ് പെരുവന്താനം പഞ്ചായത്തിൽ നഷ്ടമായത്. കഴിഞ്ഞ ഫെബ്രുവരിയിൽ വീട്ടമ്മയെ കാട്ടാന ആക്രമിച്ച് കൊന്നിരുന്നു. ഇതിന് നാലു കിലോമീറ്റർ ചുറ്റളവിലാണ് ഇപ്പോൾ പുരുഷോത്തമൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.
മുണ്ടക്കയം മുപ്പത്തഞ്ചാംമൈൽ ഫോറസ്റ്റ് ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ പോലീസ് തടഞ്ഞു. തുടർന്നു നടന്ന പ്രതിഷേധയോഗം ഇടുക്കി ഡിസിസി ജനറൽ സെക്രട്ടറി സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിനോജ് ജേക്കബ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ജോൺ പി. തോമസ്, കെ.എൻ. രാമദാസ്, കെ.ആർ. വിജയൻ, പഞ്ചായത്ത് പ്രസിഡന്റ് നിജിനി ഷംസുദ്ദീൻ, ശരത്ത് ഒറ്റപ്ലാക്കൽ, ഷിയാസ് മൂത്തേടത്ത്, സണ്ണി കോട്ടക്കപുറത്ത്, ഇ.ആർ. ബൈജു, ഷീബ ബിനോയ്, സിജി ഏബ്രഹാം, ഗ്രേസി ജോസ്, സജി കോട്ടക്കപുറത്ത്, ഷമീർ ഒറ്റപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് സിപിഎം
മുണ്ടക്കയം ഈസ്റ്റ്: കാട്ടാന ആക്രമണത്തിൽ റബർ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച് സിപിഎം പ്രവർത്തകർ. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുരുഷോത്തമന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിൽനിന്നു മെഡിക്കൽ കോളജിലേക്ക് മാറ്റിയശേഷം കൂടിനിന്ന സിപിഎം പ്രവർത്തകർ ആശുപത്രി വളപ്പിൽനിന്ന വനംവകുപ്പ് റെയ്ഞ്ച് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ തടഞ്ഞുവച്ച് പ്രതിഷേധിച്ചു.
മേഖലയിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന കാട്ടാനശല്യത്തിൽ നടപടി എടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഎം പ്രവർത്തകർ പറഞ്ഞു.