കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥിയെ കാണാതായി
1481068
Friday, November 22, 2024 5:28 AM IST
അമ്പലപ്പുഴ: കൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥിയെ കാണാതായി. അറവുകാട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയും പുന്നപ്ര നന്ദികാട്ടുവെളി പരേതനായ കബീറിന്റെ മകനുമായ മുഹമ്മദ് ഹുസൈനെ(17)യാണ് കാണാതായത്.
വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് കൂട്ടുകാരായ നാലുപേർ കുളിക്കാനിറങ്ങിയത്. തിരമാലയിൽപ്പെട്ട മൂന്നുപേരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി. ഹുസൈനെ രക്ഷിക്കാനായില്ല.
പുന്നപ്ര പോലീസും തോട്ടപ്പള്ളി തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തി. രാത്രി ഏറെ വൈകിയും പൊന്തുവള്ളങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ തെരച്ചില്‍ നടത്തുകയാണ്. പിതാവിന്റെ മരണശേഷം അമ്മയുടെ കുടുംബവീട്ടിലാണ് ഹുസൈൻ താമസിക്കുന്നത്.